വഞ്ചിയൂര്‍ ട്രഷറി മോഡല്‍ സാമ്പത്തിക തട്ടിപ്പ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി വികസന വകുപ്പ് ഓഫീസിലും; പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ധനസഹായം ഉദ്യോഗസ്ഥര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ലക്ഷങ്ങള്‍ തട്ടിയെടുത്തു

18

വഞ്ചിയൂര്‍ ട്രഷറി മോഡല്‍ സാമ്പത്തിക തട്ടിപ്പ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി വികസന വകുപ്പ് ഓഫീസിലും. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ധനസഹായം ഉദ്യോഗസ്ഥര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി കണ്ടെത്തി. മാസങ്ങളായി നടന്ന തട്ടിപ്പില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്നും സംശയം.
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ള ഓഫീസിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഈ വിഭാഗത്തിലെ നിര്‍ധനര്‍ക്ക് വിവാഹത്തിനും പഠനത്തിനുമൊക്കെ അനുവദിക്കുന്ന ധനസഹായം ഉദ്യോഗസ്ഥര്‍ സ്വന്തം കീശിയിലാക്കിയെന്നാണ് ജില്ലാ ഓഫീസറുടെ അന്വേഷണത്തിലെ കണ്ടെത്തല്‍. ധനസഹായത്തിനുള്ള അപേക്ഷ അംഗീകരിച്ചാല്‍ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുന്നത്. ഇങ്ങിനെ പണം അനുവദിച്ചപ്പോള്‍ അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിന് പകരം ഉദ്യോഗസ്ഥര്‍ അവരുടെ ബന്ധുക്കളുടെ അക്കൗണ്ട് എഴുതി ചേര്‍ത്തു. അങ്ങിനെ പണം അപേക്ഷകന് പകരം സ്വന്തക്കാരുടെ അക്കൗണ്ടിലേക്ക് കൈമാറിയായിരുന്നു തട്ടിപ്പ്. സീനിയര്‍ ക്ളര്‍ക്ക് യു.ആര്‍.രാഹൂല്‍, ഫീല്‍ഡ് പ്രമോട്ടര്‍ സംഗീത എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ സംഗീത കുറഞ്ഞത് രണ്ടേമുക്കാല്‍ ലക്ഷം രൂപയും രാഹൂല്‍ നാല് ലക്ഷത്തോളം രൂപയും തട്ടിെയടുത്തെന്നാണ് കണ്ടെത്തല്‍. ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള ഏതാനും ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും തട്ടിപ്പ് പിടികൂടിയത്. അതുകൊണ്ട് തന്നെ അതിന് മുന്‍പും തട്ടിപ്പുണ്ടെന്നാണ് സംശയം. കൂടുതൽ പരിശോധനകൾ നടക്കുകയാണ്.