വനഭൂമി കയ്യേറി പാറപൊട്ടിച്ച് കടത്തിയ കേസിൽ വടക്കാഞ്ചേരിയിലെ ക്വാറി സ്ഥാപനത്തിനെതിരെ 22.23 ലക്ഷം പിഴ വിധിച്ച് കോടതി

90

വനഭൂമി കയ്യേറി പാറപൊട്ടിച്ച് കടത്തിയ കേസിൽ 22.23 ലക്ഷം നൽകാൻ 2006 മുതല്‍ ഒമ്പത് ശതമാനം പലിശയും സര്‍ക്കാരിന് നല്‍കാന്‍ ഗ്രാനൈറ്റ് സ്ഥാപനത്തിനെതിരെ വിധി. വടക്കാഞ്ചേരിയിലെ പീകോക്ക് റോക്ക് പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിനെതിരെയാണ് തൃശൂർ പ്രിൻസിപ്പൽ സബ് ജഡ്ജ് എം.കെ ഗണേഷ് വിധി പുറപ്പെടുവിച്ചത്. 22,23,000 രൂപയും അതിൻറെ 2006 മുതലുള്ള ഒമ്പത് ശതമാനം പലിശയും സര്‍ക്കാരിന് റോയല്‍റ്റി ഇനത്തിലും, നഷ്ടപരിഹാരമായും നല്‍കാനാണ് വിധി. വനഭൂമിയോട് ചേര്‍ന്നുള്ള ഭൂമിയിലാണ് പീകോക്ക് റോക്ക് പ്രൊഡക്ട്സ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് പാറ പൊട്ടിക്കുന്നതിന് അനുമതി ഉണ്ടായിരുന്നതിനാല്‍ അനധികൃതമായി വനഭൂമി കയ്യേറിയാണ് പാറ പൊട്ടിച്ചിരുന്നതെന്ന് വനം വകുപ്പ് അധികൃതര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ പാറ പൊട്ടിക്കാനുള്ള ലൈസന്‍സിന്റെ മറവില്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും പാറ പൊട്ടിച്ച് വില്പന നടത്തുകയായിരുന്നു സ്ഥാപനം. നിയമവിരുദ്ധമായി വനഭൂമി കയ്യേറി പാറ പൊട്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മുഖേനെ നഷ്ടപരിഹാരത്തിനും, കയ്യേറ്റം ഒഴിപ്പിക്കുന്നതിനും സിവില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. വനഭൂമി കയ്യേറ്റം കണ്ടുപിടിക്കുന്നതിന് താലൂക്ക് സര്‍വെയറുടെ സഹായത്തോടെ തര്‍ക്കഭൂമി അളക്കുന്നതിന് അഡ്വക്കെറ്റ് കമ്മീഷണറെ നിയമിക്കാന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നല്‍കിയ ഹരജി കോടതി അനുവദിച്ചിരുന്നു. അതനുസരിച്ച് അളന്നപ്പോഴാണ് വനം വകുപ്പിൻറെ അധീനതയിലുള്ള ഭൂമി പീകോക്ക് റോക്ക് പ്രൊഡക്ട്സ് കയ്യേറിയതായും, കയ്യേറിയ ഭൂമിയില്‍ നിന്നും അനധികൃതമായി പാറ പൊട്ടിച്ച് വില്പന നടത്തിയതായും തെളിഞ്ഞത്.
കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ കെ.ബി. സുനില്‍കുമാര്‍, അഡ്വ. പി. കെ. മുജീബ് എന്നിവര്‍ ഹാജരായി.

Advertisement
Advertisement