വയോധിക മാതാവിനെ കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകൻറെ ജാമ്യം കോടതി തള്ളി. മുല്ലശ്ശേരി മാനിന വാഴപ്പിള്ളി വീട്ടില്‍ ഉണ്ണിക്കൃഷ്ണൻറെ (60) ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഡി. അജിത്കുമാര്‍ തള്ളി ഉത്തരവായത്. ഉണ്ണികൃഷ്ണൻറെ അമ്മ വല്യമ്മു(83) ആണ് കൊല്ലപ്പെട്ടത്. 2020 മാര്‍ച്ച് 11ന് രാവിലെ 8 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്യമതസ്ഥനെ വിവാഹം ചെയ്ത ഉണ്ണികൃഷ്ണൻറെ സഹോദരിയുടെ വീട്ടില്‍ വല്യമ്മു പോകുന്നതിനെച്ചൊല്ലി പ്രതി മദ്യപിച്ച് വന്ന് പലപ്പോഴും മാതാവുമായി വഴക്കുണ്ടാക്കിയിരുന്നു. സംഭവ ദിവസവും മദ്യപിച്ചു വന്ന് വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന് വല്യമ്മുവിന്റെ ദേഹത്തേക്ക് തിന്നറൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ് ശരീരത്തിലുണ്ടായ ഗുരുതരപരിക്കുകളെത്തുടര്ന്ന് അന്നുതന്നെ വല്യമ്മു മരിച്ചു. പിറ്റേ ദിവസം തന്നെ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ അന്നുമുതല്‍ ജയിലിലാണ്. സ്റ്റേഷന് ഹൗസ് ഓഫീസറായ എം.കെ. രമേഷാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ഏറ്റവും പൈശാചികമായി രീതിയിലാണ് പ്രതി സ്വന്തം അമ്മയെത്തന്നെ തീ കൊളുത്തി കൊലപ്പെടുത്തിയതെന്നും, കൊലപാതകത്തിന്റെ കാരണവും, ചെയ്ത രീതിയും കണക്കിലെടുത്ത് പ്രതിക്ക് ജാമ്യം നല്‍കരുതെന്നും, പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ അത് സമൂഹത്തിന് തെറ്റായസന്ദേശം നല്‍കുമെന്നും, പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാദ്ധ്യതയുണ്ടെന്നും മറ്റുമുള്ള പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം കണക്കിലെടുത്താണ് ജാമ്യം തള്ളി കോടതി ഉത്തരവായത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.