വലപ്പാട് വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ച കേസിൽ സഹോദരങ്ങൾക്ക് ആറ് വർഷം കഠിനതടവും കാൽ ലക്ഷം വീതം പിഴയും

26

വലപ്പാട് വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ച കേസിൽ സഹോദരങ്ങൾക്ക് ആറ് വർഷം കഠിനതടവും കാൽ ലക്ഷം വീതം പിഴയും. വലപ്പാട് കഴിമ്പ്രം കുറുപ്പത്ത് ഉണ്ണിക്കൃഷ്ണൻ, സഹോദരനായ അർജുനൻ എന്നിവരെയാണ്
ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം അഞ്ച് മാസം അധികതടവ് അനുഭവിക്കേണ്ടി വരും. വലപ്പാട് കുറുപ്പത്ത് വീട്ടിൽ നിഖിലിനെയാണ് അടിച്ച് പരിക്കേൽപ്പിച്ചത്. നിഖിലിന്റ അവകാശികൾക്ക് പിഴത്തുക തുല്യമായി നൽകാനും വിധിയിൽ പറഞ്ഞിട്ടുണ്ട്. 2013 നവംബർ 29ന് രാവിലെ 8 ന് കഴിമ്പ്രത്തുള്ള വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന നിഖിലിനെ, പ്രതികളുടെ സഹോദരനെ വഴക്കു പറഞ്ഞതിലുള്ള വിരോധത്താൽ ഇരുമ്പുപൈപ്പും, പട്ടികവടിയും ഉപയോഗിച്ച്
അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. നിഖിലിന്റെ ഭാര്യയുടെയും മക്കളുടെയും കരച്ചിൽ കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. കൈകളുടെ എല്ല് പൊട്ടിയ നിഖിലിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.
വലപ്പാട് സബ് ഇൻസ്‌പെക്ടറായ ടി.സി. രാമനാഥനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും
11 രേഖകളും 2തൊണ്ടിമുതലുകളും ഹാജരാക്കുകയും 8 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.
സാക്ഷിവിസ്താരം ആരംഭിക്കുന്നതിനു മുൻപ് നിഖിൽ മരിച്ചുവെങ്കിലും ദൃക്സാക്ഷികളായ നിഖിലിന്റെ ഭാര്യയുടെയും
മകളുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരെന്ന് തെളിയുമെന്ന ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. കെ.ബി. സുനിൽകുമാറിന്റെ വാദങ്ങൾ പരിഗണിച്ചാണ് പ്രതികളെ ശിക്ഷിച്ചത്.

Advertisement
Advertisement