വാടാനപ്പള്ളിയിൽ പഞ്ചായത്ത് ഓഫീസിൽ സി.പി.എം നേതാക്കളുടെ മർദനമേറ്റ യുവാവ് മരിച്ചു

575

ഏങ്ങണ്ടിയൂരിൽ പഞ്ചായത്താഫീസിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുമായി തമ്മിൽത്തല്ലിയ സി.പി.എം വനിതാ നേതാവിന്റെ മകൻ മരിച്ചു. സി.പി.എം നേതാവും ബ്ളോക്ക് പഞ്ചായത്ത് അംഗവും മഹിളാ അസോസിയേഷൻ നേതാവുമായ കെ.ബി.സുധയുടെ മകൻ അമൽകൃഷ്ണൻ(31) ആണ് മരിച്ചത്. ഫെബ്രുവരി ഒന്നിന് ആയിരുന്നു സംഘർഷം. 45 ദിവസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഏങ്ങണ്ടിയൂരിലെ വീട്ടിലെത്തിച്ചത്. ഞായറാഴ്ച വൈകീട്ട് എട്ടോടെ മരിച്ചത്. ലോക്കൽ സെക്രട്ടറി ജ്യോതിലാലുമായിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. സുധയുടെ അയൽവാസിയുമായുള്ള തർക്കം സംബന്ധിച്ച വാക്കേറ്റമാണ് ഇരുവരും തമ്മിലുള്ള അടിപിടിയിലെത്തിയത്. ജ്യോതിലാലും ഏരിയാ കമ്മിറ്റിയംഗം കെ.എച്ച്.സുൽത്താനും ചേർന്നായിരുന്നു അമൽകൃഷ്ണനെ മർദിച്ചതായി ആക്ഷേപമുണ്ടായിരുന്നു. അമൽകൃഷ്ണൻറെ മൂക്കിന്റെ എല്ലിന് പൊട്ടലടക്കമുള്ള പരിക്കുണ്ടായിരുന്നു. ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലുമായിരുന്നു. പരിക്കുകൾ ഭേദപ്പെട്ടതിനെ തുടർന്നാണ് വിടുതൽ ചെയ്ത് വീട്ടിലെത്തിച്ചത്.സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇരുകൂട്ടരും പരസ്പരം മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.

Advertisement
Advertisement