വാളയാറിൽ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ സി.ബി.ഐ അന്വേഷണ സംഘത്തിന് ക്യാമ്പ് ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി

7

വാളയാറിൽ സഹോദരങ്ങളുടെ ദുരൂഹമരണത്തിൽ സി.ബി.ഐ അന്വേഷണ സംഘത്തിന് ക്യാമ്പ് ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനിച്ചു. വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ കേസെടുത്ത സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഒപ്പം പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തി. ഇനി പാലക്കാട് കേന്ദ്രീകരിച്ച് കൂടുതല്‍ പേരുടെ മൊഴിയെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ക്യാമ്പ് ഓഫീസ് അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാരിനോട് ഉന്നയിച്ചത്. ക്യാമ്പ് ഓഫിസും കൂടുതല്‍ ജീവനക്കാരെയും അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പാലക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. കേസില്‍ ജാമ്യത്തിലുള്ള പ്രതി മധു, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരെ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യും.