വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ പ്യൂണിന് അഞ്ച് വർഷം കഠിന തടവിന് തൃശൂർ പോക്സോ കോടതി ശിക്ഷിച്ചു

70

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്കൂൾ പ്യൂണിനെ അഞ്ച് വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കുന്നതിനും തൃശൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചു. നെല്ലിക്കുന്ന് സ്വദേശി കോലഞ്ചേരി വീട്ടില്‍ തോമസിനെയാണ് ശിക്ഷിച്ചത്

പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികഉദ്ദേശത്തോടെ ദേഹത്ത് സ്പര്‍ശിച്ച് മാനഭംഗപ്പെടുത്തിഎന്നാണ് കേസ്. തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്. പിഴയടക്കാത്ത പക്ഷം 3 മാസം കൂടുതല്‍ തടവ് അനുഭവിക്കേണ്ടിവരും.

2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ക്കൂളിലെ പ്രൈമറി ക്ലാസ് വിദ്യാർത്ഥിനിയെ സ്ക്കൂളിലെ പാര്‍ട് ടൈം സ്വീപ്പറായിരുന്ന പ്രതി ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിലെ പല ഭാഗത്തും സ്പര്‍ശിക്കുകയും കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മ വെയ്ക്കുകയുമായിരുന്നു. പേടിച്ചു പോയ കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അതിനെത്തുടര്‍ന്ന് പരാതിയിന്‍മേല്‍ അന്തിക്കാട് പോലീസ് കേസെടുക്കുകയായിരുന്നു. പല വിദ്യാര്‍ത്ഥിനികളോടും ഇയാള്‍ ഇത്തരത്തിലുള്ള അക്രമപ്രവര്‍ത്തി ചെയ്തതായി കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. ഏറെ വിവാദം സൃഷ്ടിച്ച പ്രസ്തുത സംഭവത്തെ തുടർന്ന് പ്രതിയെ സ്കൂളിൽ നിന്ന് പിരിച്ചുവിടുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അന്തിക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആയ കെ. എ . മൻസൂർ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. സി.പി.ഓമാരായ പി. ആർ ഗീത, സുനോജ് ദാസ് എന്നിവരാണ് കേസ് വിചാരണയില്‍‌ പ്രോസിക്യൂഷനെ സഹായിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 8 സാക്ഷികളെ വിസ്തരിക്കുകയും 8 രേഖകൾ ഹാജരാക്കുകയും ചെയ്തു. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വേഗത്തിൽ വിചാരണ ചെയ്ത് തീർപ്പാക്കുന്നതിന്നായി സുപ്രീം കോടതി നിർദ്ദേശപ്രകാരം നിലവിൽ വന്ന ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതികളിൽ ജില്ലയില്‍ വളരെ കാര്യക്ഷമമായ രീതിയിൽ കേസ്സുകൾ തീർപ്പാക്കി വരികയാണ്.

പ്രോസിക്യൂഷനു വേണ്ടി തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെ.പി. അജയ് കുമാർ ഹാജരായി.