വിവാഹം കഴിക്കാമെന്ന് ജാമ്യാപേക്ഷയില്‍ വാഗ്ദാനം: സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ; കാട്ടൂർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസില്‍ ജാമ്യാപേക്ഷ തള്ളി കോടതി

25

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഢനം നടത്തിയ കേസിലെ പ്രതി 22 കാരൻറെ ജാമ്യാപേക്ഷ കോടതി തള്ളി. പൂമംഗലം വില്ലേജ് കല്പറമ്പ് ദേശത്ത് കൊളങ്ങര വീട്ടില്‍ ഹെല്‍വിന്റെ (22) ജാമ്യാപേക്ഷയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി.എന്‍. വിനോദ് തള്ളി ഉത്തരവായത്. 16 വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രതി ലൈംഗികപീഢനത്തിന് വിധേയമാക്കി. പെണ്‍കുട്ടി ഗര്‍ഭിണിയാവുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയ സംഭവം ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കാട്ടൂര്‍ പോലീസ് ക്രൈം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ പ്രതിയായപ്പോള്‍ പ്രതിയുടെ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ധാരണയിലെത്തുകയും, പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രതിയെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. അത് സംബന്ധിച്ച് സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പോക്സോ കേസുകളില്‍ ഇത്തരം കീഴ് വഴക്കങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും, അത് പോക്സോ നിയമത്തിന്റെ അന്തഃസത്തക്ക് നിരക്കുന്നതല്ലെന്നും, സുപ്രീം കോടതി ഈയിടെ നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കി പ്രതിക്ക് ജാമ്യം നല്‍കാന്‍ കഴിയില്ലെന്നുമുള്ള പോക്സോ സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലിജി മധുവിന്റെ വാദം പരിഗണിച്ച് കോടതി ജാമ്യപേക്ഷ തള്ളുകയായിരുന്നു