വെള്ളിക്കുളങ്ങരയിൽ ചന്ദനമരം മോഷ്ടിച്ച് വനപാലകരെ ആക്രമിച്ച കേസ്: പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

31
8 / 100

വനത്തിനുള്ളില്‍ അതിക്രമിച്ചു കടന്ന് ചന്ദനമരം മോഷ്ടിച്ച കേസിലെ പ്രതി ചാലക്കുടി മുരുക്കുങ്ങല്‍ ഹൈന്തൂര്‍ വീട്ടില്‍ സിദ്ദിഖിൻറെ (37) മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഡി. അജിത്കുമാര്‍ ഉത്തരവിട്ടു.

കഴിഞ്ഞ നവംബർ അഞ്ചിനാണ് കേസിനാസ്പദമായി സംഭവം നടന്നത്. സംഭവദിവസം രാത്രി ചായ്പന്‍കുഴി ഫോറസ്റ്റ് റെയ്ഞ്ചിലെ കരിക്കടവ് വനത്തില്‍ പ്രതിയും മറ്റു രണ്ടു പേരും കൂടി അനധികൃതമായി പ്രവേശിച്ച് ചന്ദമനരം മുറിച്ച് കടത്തുകയായിരുന്നു. പട്രോള്‍ ഡ്യൂട്ടിക്കിടെ മോഷണം കണ്ടെത്തിയ വനപാലകരെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വനപാലകര്‍ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും, സിദ്ദിഖ് അടക്കമുള്ള മറ്റു പ്രതികള്‍ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുപ്രസിദ്ധ വനം കൊള്ളക്കാരനായ വീരപ്പന്‍ ജോയിയും സംഘത്തിലുണ്ടായിരുന്നതായി ഒന്നാം പ്രതി മൊഴി നല്‍കിയിരുന്നു. തനിക്കെതിരെയുള്ള ആരോപണം സിദ്ധിഖ് നിഷേധിച്ചിരുന്നു. വനഭൂമിയില്‍ നിന്ന് അനധികൃതമായി ചന്ദനമരം മോഷ്ടിക്കുക മാത്രമല്ല, കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി മോഷണം തടയാന്‍ ശ്രമിച്ച വനപാലകരെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും യാതൊരു കാരണവശാലും പ്രതിക്ക് ജാമ്യമനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതി പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.