വൈ.എസ് ആറിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സി.ബി.ഐ പിടിയിൽ

12

ആന്ധ്രപ്രദേശിലെ മുന്‍ മന്ത്രി വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. സുനില്‍ യാദവ് എന്നയാളെയാണ് ഗോവയില്‍നിന്ന് സി.ബി.ഐ. സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരനാണ് കൊല്ലപ്പെട്ട വിവേകാനന്ദ റെഡ്ഡി. 
വിവേകാനന്ദ റെഡ്ഡി കൊലക്കേസുമായി ബന്ധപ്പെട്ട് സുനില്‍ യാദവിനെ സി.ബി.ഐ. സംഘം നേരത്തെ ചോദ്യംചെയ്തിരുന്നു. ഇയാള്‍ക്കെതിരേ ചില തെളിവുകള്‍ ലഭിച്ചതോടെയാണ് ചോദ്യംചെയ്യലിലേക്ക് കടന്നത്. എന്നാല്‍ ഇതിനുപിന്നാലെ സുനില്‍ യാദവ് കുടുംബത്തോടൊപ്പം ഗോവയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് സി.ബി.ഐ. സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്. 
2019 മാര്‍ച്ച് 15-നാണ് വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ കടപ്പ ജില്ലയിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.