സനുമോഹന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍; വൈഗയുടെ മരണത്തിലെ ദുരൂഹത നീങ്ങാൻ ഇനി മണിക്കൂറുകൾ

67

മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹൻ കർണാടകയിൽ പിടിയിൽ. സനുമോഹനെ പോലീസ് സംഘം കർണാടകയിലെ കൊല്ലൂരിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തതായാണ് വിവരം.

സനുമോഹനെ കൊച്ചി പോലീസ് കർണാടകയിൽ വിശദമായി ചോദ്യംചെയ്തുവരികയാണെന്നാണ് വിവരം. എന്നാൽ കൊച്ചി സിറ്റി പോലീസ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. അല്പസമയം കൂടി കാത്തിരിക്കാനും വൈകാതെ വെളിപ്പെടുത്താമെന്നുമായിരുന്നു കൊച്ചി പോലീസിന്റെ പ്രതികരണം.
സനു മോഹൻ കൊല്ലൂർ മൂകാംബികയിൽ ആറ് ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കർണാടക കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.

ഏപ്രിൽ 10 മുതൽ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹൻ ലോഡ്ജിൽ താമസിച്ചിരുന്നതായാണ് ജീവനക്കാർ നൽകിയവിവരം. മാന്യമായാണ് പെരുമാറിയത്. അതിനാൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാർഡ് പെയ്മെന്റിലൂടെ നൽകാമെന്ന് പറഞ്ഞു. ജീവനക്കാർ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാൾ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതായും ജീവനക്കാർ പറഞ്ഞു.

മാർച്ച് 21-നാണ് സനുമോഹനെയും മകൾ വൈഗയെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽനിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാർ കണ്ടെത്താൻ കഴിയാത്തത് ദുരൂഹത വർധിപ്പിച്ചു. തുടർന്നാണ് സനു മോഹൻ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.