സാഗർ റാണ കൊലപാതകം: ഒളിമ്പിക് മെഡൽ ജേതാവ് സുശീൽകുമാറിനെ കണ്ടെത്താൻ ഇനാം പ്രഖ്യാപിച്ച് ഡൽഹി പോലീസ്

5

മുന്‍ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിടുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍കുമാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്. റാണയുടെ കൊലപാതകക്കേസിൽ പ്രതിയായ സുശീല്‍കുമാറിനെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാനില്ല. കേസിലെ മറ്റൊരു പ്രതിയായ അജയ് എന്നയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപ പാരിതോഷികം നല്‍കുമെന്നും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മെയ് നാലിന്  ന്യൂഡല്‍ഹിയിലെ ചത്രസാല്‍ സ്‌റ്റേഡിയത്തിന് പുറത്ത് ഗുസ്തിക്കാർ തമ്മിലുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും വെടിവെപ്പിലുമാണ് ഇരുപത്തിമൂന്നുകാരനായ സാഗര്‍ റാണയ്ക്കും മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേറ്റത്. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയവെയാണ് റാണ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് സുശീല്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസെടുത്തത്.