സി.കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കും: ജാനുവിന്റെ വീട്ടിൽ നിന്നും ഫോണുകൾ പിടിച്ചെടുത്തു

7

സി.കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കും. ബി.ജെ.പി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുക. ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ചിനുമുന്നില്‍ ഫോണ്‍ ഹാജരാക്കാത്തതിനാലാണ് ഇരുവര്‍ക്കുമെതിരെ കേസെടുക്കുന്നത്. കേസിലെ പ്രധാന തെളിവായ ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഇവര്‍ക്ക് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നു. തെളിവ് നശിപ്പിക്കല്‍ അടക്കം ചുമത്തിയാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നത്. ബത്തേരിയില്‍ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയാകാനായി ജാനുവിന് സുരേന്ദ്രന്‍ കോഴ നല്‍കിയെന്നായിരുന്നു ആരോപണമുയര്‍ന്നത്. ഇതില്‍ ആദ്യ ഗഡുവായ ലക്ഷം കൈമാറിയത് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണെന്നായിരുന്നു ജെ.ആര്‍.പി. മുന്‍ നേതാവായിരുന്ന പ്രസീതയുടെ വെളിപ്പെടുത്തല്‍. ഹോട്ടലില്‍ വച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പും നടത്തിയിരുന്നു. കെ. സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ 25 ലക്ഷം കൈമാറിയ സ്ഥലമെന്ന് സാക്ഷിമൊഴികളിലുള്ള ഹോം സ്റ്റേയിലും തെളിവെടുപ്പ് നടത്തിയിരുന്നു. പൂജാ ദ്രവ്യമെന്ന രീതിയില്‍ പണം നല്‍കിയ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പ്രസീത വീണ്ടുമാവര്‍ത്തിച്ചിരുന്നു. അതേ സമയം സി.കെ. ജാനുവിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി ഫോണുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. സി.കെ. ജാനു ഉപയോഗിക്കുന്ന രണ്ട്ഫോണുകൾ ഉൾപ്പെടെ മൂന്ന് സ്മാർട്ട് ഫോണുകളാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. തന്റെയും, വളർത്തു മകളുടെയും, സഹോദരന്റെയും ഫോണുകളാണ് പിടിച്ചെടുത്തതെന്ന് സി.കെ. ജാനു പറഞ്ഞു. കേസിൽ ഇത് വരെ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ജാനു അറിയിച്ചു. ബത്തേരിയിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയാകാനായി ജാനുവിന് സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിലാണ് ക്രൈം ബ്രാഞ്ചിന്റെ നടപടി. കേസിൽ പ്രതിയായ സി.കെ. ജാനുവിന്റെ തിരുനെല്ലി പനവല്ലിയിലെ വീട്ടിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്.