സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിയെ രൂക്ഷമായി വിമർശിച്ച് വിചാരണക്കോടതി: തെളിവെവിടെയെന്ന് കോടതിയുടെ ചോദ്യം, പ്രതികളുടെ കുറ്റസമ്മതമൊഴിയെന്ന രേഖകളാണ് സമർപ്പിച്ചിരിക്കുന്നത്, തെളിവ് വേണമെന്ന് കോടതി

13

സ്വർണ്ണക്കടത്തിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്‍റിന് വിചാരണ കോടതിയുടെ വിമർശനം. പ്രതികൾ 21 തവണ സ്വർണ്ണം കടത്തിയെന്നതിന് കുറ്റസമ്മത മൊഴികളല്ലാതെ മറ്റുതെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. പ്രതികളായ സന്ദീപ് നായർ, സരിത് എന്നീവരുടെ ജാമ്യ ഉത്തരവിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിമർശനം. പ്രതികൾ 21 തവണ സ്വർണ്ണം കടത്തിയെന്ന് ഇഡി പറയുമ്പോഴും അതിന് തെളിവ് ഹാജരാക്കാൻ ആയിട്ടില്ല. പ്രതികളുടെ കുറ്റസമ്മത മൊഴികളല്ലാതെ മറ്റ് തെളിവ് എവിടെയെന്നും കോടതി ചോദിച്ചു. സന്ദീപ് നായരും സരിതും ആണ് സ്വർണ്ണക്കടത്തിലെ സൂത്രധാരൻമാർ എന്ന് തെളിയിക്കാനും ഇഡിയ്ക്ക് കഴിഞ്ഞിട്ടില്ല. കേസിലെ രണ്ടാം പ്രതി സ്വപ്നയും, അ‍ഞ്ചാം പ്രതി എം ശിവശങ്കറിനും ജാമ്യം ലഭിച്ചിട്ടുണ്ട്. ഈ സഹാചര്യത്തിൽ ഈ പ്രതികൾക്കും ജാമ്യത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് ഇ.ഡി അറയിച്ചു. പിഎംഎൽഎ ആക്ട് പ്രകാരം പ്രതികൾ നൽകുന്ന കുറ്റസമ്മത മൊഴിയ്ക്ക് എവിടെൻസ് ആക്ട് അനുസരിച്ച് നിയമ സാധുതയുണ്ടെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. പോലീസ് ആക്ടിൽ നിന്ന് വ്യത്യസ്തമാണ് ഇഡിയ്ക്ക് നൽകുന്ന കുറ്റസമ്മത മൊഴി. മാത്രമല്ല കള്ളപ്പണ ഇടപാടിലെ മറ്റ് തെളിവുകൾ വിചാരണ ഘട്ടത്തിലാണ് കോടതി പരിധോധിക്കേണ്ടതെന്നും ഇ.ഡി വ്യക്തമാക്കുന്നു. ഇതാദ്യമല്ല സ്വർ‍ണ്ണക്കടത്തിലെ തെളിവുകളുടെ പേരിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ കോടതികളുടെ വിശനം ഉണ്ടാകുന്നത്.