28 വർഷത്തിന് ശേഷം അഭയക്ക് നീതി: ഫാ.തോമസ് കോട്ടൂരും, സി.സെഫിയും കുറ്റക്കാരെന്ന് കോടതി, ശിക്ഷ നാളെ; വിധി കേൾക്കുമ്പോൾ കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ, നിരപരാധിയെന്ന് ഫാ.കോട്ടൂർ, നീതിക്കുവേണ്ടിയുള്ള പോരാട്ടം വിജയിച്ചുവെന്ന് ജോമോൻ പുത്തൻപുരക്കൽ, സത്യം തെളിഞ്ഞുവെന്ന് വർഗീസ് പി.തോമസ്, കോട്ടൂരിനെയും സെഫിയെയും ജയിലിലേക്ക് മാറ്റും

42

28 വർഷത്തിന് ശേഷം കേരളം കാത്തിരുന്ന വിധിവന്നു. സി.അഭയ കൊലക്കേസിൽ കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സി.ബി.ഐ കോടതി കണ്ടെത്തി. കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഇന്ന് വിധി പറഞ്ഞത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്. സാക്ഷിമൊഴികള്‍ വിശ്വസനീയമാണെന്നും കോടതി വിലയിരുത്തി. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ഐപിസി 302, ഐപിസി 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. കേസിൽ വിധി കേൾക്കവേ കോടതി മുറിയിൽ ഫാ.തോമസ് കോട്ടൂരും, സി.സെഫിയും പൊട്ടിക്കരഞ്ഞു. ഫാ. തോമസ് എം. കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റുക. കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതി ഫാ. തോമസ് എം. കോട്ടൂര്‍ പറഞ്ഞു. സി.ബി.ഐ കോടതി കുറ്റക്കാരാണെന്ന് വിധിച്ചശേഷം ആരോഗ്യപരിശോധനകള്‍ക്കായി എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോട്ടൂര്‍. കോടതി വിധിയില്‍ ഒന്നും പറയാനില്ല. ദൈവം കൂടെയുണ്ട്. കുറ്റം ചെയ്തിട്ടില്ല. നിരപരാധിയാണ്. ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. മേല്‍ക്കോടതിയെ സമീപിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഫാ. തോമസ് എം. കോട്ടൂര്‍ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടം ജയിച്ചുവെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പ്രതികരിച്ചു. കേരളത്തിലെ ജനങ്ങളുടെ നിയമത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്ന വിധിയാണിത്. കോടികള്‍ മുടക്കി പ്രതികള്‍ ശ്രമിച്ചിട്ടും കോടതി നീതിയുക്തമായി വിധി പറഞ്ഞു. സാക്ഷികളെ മൊഴിമാറ്റി പറയിക്കാന്‍ പ്രതികള്‍ ശ്രമിച്ചു. എന്നാല്‍ അതൊന്നും നടപ്പിലായില്ലെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടമാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കേസില്‍ നടത്തിയത്. സത്യം ജയിച്ചുവെന്ന് സി.ബി.ഐ മുന്‍ ഉദ്യോഗസ്ഥനായ വര്‍ഗീസ് പി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം തെളിഞ്ഞുവെന്ന് പറഞ്ഞത് സത്യം തെളിഞ്ഞുവെന്നതാണെന്നും അന്വേഷണം നീതിപൂര്‍വമാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.