കുഴൽപ്പണക്കേസ് ബി.ജെ.പി പോര് തെരുവിലേക്ക്: വാടാനപ്പള്ളിയിൽ വാക്സിൻ കേന്ദ്രത്തിൽ ചേരിതിരിഞ്ഞ് സംഘർഷം: ബി.ജെ.പി പ്രവർത്തകന് കുത്തേറ്റു

325

ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി പ്രവർത്തകരിലെ കലഹം തെരുവിലേക്ക്. വാടാനപ്പള്ളിയിൽ വാക്സിൻ കേന്ദ്രത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച തർക്കത്തിൽ ബി.ജെ.പി പ്രവർത്തകർ ചേരിതിരിഞ്ഞ് സംഘർഷത്തിലായി. ബി.ജെ.പി പ്രവർത്തകൻ കിരണിന് കുത്തേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാടാനപ്പള്ളി തൃത്തല്ലൂർ ഗവ.ആശുപത്രിയിലാണ് സംഭവം. വാക്സിൻ എടുക്കുന്നതിനിടയിലാണ് ഉണ്ടായ തർക്കമുണ്ടായത്. കുഴൽപ്പണക്കേസ് ബി.ജെ.പി അംഗങ്ങളായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ പ്രവർത്തകർ ചേരിതിരിഞ്ഞ പോരിലായിരുന്നു. ഇക്കാര്യത്തെ സംബന്ധിച്ചുള്ള ചർച്ചയായിരുന്നു ആശുപത്രിയിൽ കത്തിക്കുത്തിലെത്തിയത്. തുടർന്ന് ചേരിതിരിഞ്ഞ് സംഘർഷത്തിലാവുകയായിരുന്നു. ഇതിനിടയിലാണ് കത്തികുത്ത്. പോലീസെത്തി സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്തു. കിരണിന് അടിവയറ്റിലാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാസ നഗർ ഗ്രൂപ്പ്, ഏഴാംകല്ല് ഗ്രൂപ്പ് എന്നിങ്ങനെ ഗ്രൂപ്പുകൾ തമ്മിലാണ് തർക്കത്തിലായത്. വ്യാസ ഗ്രൂപ്പിലെ അംഗമാണ് കിരൺ.