യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: പ്രതിക്ക് ഒന്നര വർഷം കഠിന തടവും 10,000 രൂപ പിഴയും

11

യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച മാതാവിനെയും സഹോദരിയെയും വാള്‍ വീശി പരിക്കേല്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ഒന്നര വര്‍ഷം കഠിനതടവും, 10,000 രൂപ പിഴയും ശിക്ഷ. കണിമംഗലം വട്ടപ്പിന്നി കാരയിൽ കെ.വി അനുവിനെ (37) ആണ് തൃശൂർ ഒന്നാം അഡീഷണൽ അസി.സെഷൻസ് ജഡ്ജ് പി.വി.റെജൂല ശിക്ഷിച്ചത്. കണിമംഗലം വട്ടപ്പിന്നി ചുള്ളിപ്പറമ്പിൽ ദിബിനെ (37) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. 2016 ഏപ്രിൽ 14ന് നെടുപുഴ വട്ടപ്പിന്നി-മാങ്കുഴി റോഡിൽ ആണ് സംഭവം. ക്ഷേത്രത്തിലെ ഉല്‍സവത്തിനോടനുബന്ധിച്ച് ദിബിന്റെ സഹോദരൻ ദിലീപ് അനുവിൻറെ അച്ഛന് സമ്മാനകൂപ്പൺ വിൽക്കുന്നത് തടഞ്ഞ് വഴക്കിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് ദിബിന്റെ സഹോദരനും മറ്റ് ബന്ധുക്കളും അനുവുമായി തർക്കമുണ്ടായി.
തുടര്‍ന്ന് അന്ന് രാത്രി ഉല്‍സവത്തിനോടനുബന്ധിച്ചുള്ള ഗാനമേള കേള്‍ക്കുവാന്‍ മാതാവും പിതാവും സഹോദരങ്ങളുമായി ദിബിന്‍ പോകുമ്പോഴായിരുന്നു അനു വാളുമായി വന്ന് കഴുത്തിനു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വെട്ട് കൈകൊണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍‍ ദിബിന്റെ വലതുകൈക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. വെട്ടുന്നതു കണ്ട് തടയാന്‍ വന്ന ദിബിന്റെ മാതാവിനും, സഹോദരിക്കും നേരെ വാള്‍ വിശിയതിനെത്തുടര്‍ന്ന് ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ഉടനെ ആശുത്രിയിലെത്തിച്ചു. ഏപ്രില്‍ 19 ന് പ്രതിയെ അറസ്റ്റുചെയ്തു. നെടുപുഴ സബ് ഇന്‍സ്പെക്ടര്‍ ആയ എസ്. ഷാജിയാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും, 21 രേഖകളും വെട്ടാനുപയോഗിച്ച വാള്‍ അടക്കം മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു.കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോണ്‍സണ്‍‍ ടി. തോമസ് അഡ്വ. റോണ്‍സ് അനില്‍ എന്നിവര്‍ ഹാജരായി .

Advertisement
Advertisement