അങ്കത്തട്ടുണർന്നു: പത്മജയും അനിൽ അക്കരയും നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു; നാമനിർദ്ദേശ പത്രിക ഓൺലൈനായും തയ്യാറാക്കാൻ ‘സുവിധ’യിൽ സംവിധാനമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

18
1 / 100

തിങ്കളാഴ്ച തൃശൂർ ജില്ലയിൽ രണ്ട് സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. തൃശൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്‌ സ്ഥാനാർഥി പദ്മജ വേണുഗോപാലും വടക്കാഞ്ചേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി അനിൽ അക്കരയുമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. റിട്ടേണിങ് ഓഫീസർ എൻ കെ കൃപ മുൻപാകെയാണ് പത്മജ വേണുഗോപാൽ പത്രിക സമർപ്പിച്ചത്. അനിൽ അക്കര വടക്കാഞ്ചേരി നിയോജകമണ്ഡലം റിട്ടേണിങ് ഓഫീസർ സി.സ് ഉണ്ണികൃഷ്ണൻ മുൻപാകെയുമാണ് പത്രിക സമർപ്പിച്ചത്. പദ്മജ വേണുഗോപാൽ മൂന്ന് പത്രികകളും, അനിൽ അക്കര നാല് പത്രികകളുമാണ് നൽകിയത്. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം എച്ച് ഹരീഷ് അറിയിച്ചു. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പത്രികാ സമർപ്പണത്തിന് സ്ഥാനാർഥിയുടെ കൂടെ രണ്ടു പേർ മാത്രമേ ഉണ്ടാകാവൂ. പത്രികാ സമർപ്പണത്തിനായി ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ എണ്ണവും രണ്ടായി പരിമിതപ്പെടുത്തിയിരിക്കുന്നു. പത്രികാ സമർപ്പണം, സൂക്ഷ്മ പരിശോധന, ചിഹ്നം അനുവദിക്കൽ തുടങ്ങിയ നടപടികൾ സാമൂഹിക അകലം പാലിച്ച് ചെയ്യുവാൻ സ്ഥലസൗകര്യമുള്ളതായിരിക്കണം റിട്ടേണിംഗ് ഓഫീസറുടെ മുറി. സ്ഥാനാർഥികൾക്ക് കാത്തിരിക്കുന്നതിനായി സ്ഥലസൗകര്യമുണ്ടായിരിക്കണം. സ്ഥാനാർഥിയുടെയും ഒപ്പമെത്തുന്നവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കുന്നതടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലനം പത്രികാ സമർപ്പണത്തിൻ്റെ എല്ലാ പ്രക്രിയകളിലും ഉറപ്പാക്കണം. ശാരീരിക അകലം പാലിക്കണം. സ്ഥാനാർഥിയും കൂടെ വരുന്നവരും മാസ്ക്, ഗ്ലൗസ്, ഫെയ്സ് ഷീൽഡ് എന്നിവ ധരിക്കണം. സാനിറ്റൈസർ ലഭ്യമാക്കണം. പത്രികാ സമർപ്പണ വേളയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും റിട്ടേണിംഗ് ഓഫീസർമാർക്കും എൻ 95 മാസ്കുകളും ഫേസ് ഷീൽഡുകളും ലഭ്യമാക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കുറി ഓണ്‍ലൈനായി നാമനിര്‍ദ്ദേശ പത്രിക തയ്യാറാക്കുന്നതിനുള്ള സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുവിധ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി തയ്യാറാക്കിയ നാമനിര്‍ദ്ദേശ പത്രികയുടെ പ്രിന്‍റ് എടുത്ത് വരണാധികാരിയുടെയോ സഹവരണാധികാരിയുടെയോ മുന്‍പാകെ സമര്‍പ്പിക്കേണ്ടതുമാണ്. ഓണ്‍ലൈനായി മാത്രം ഇവ സമര്‍പ്പിക്കാന്‍ സാധ്യമല്ല. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ട സമയം. പൊതുജനങ്ങൾക്ക് സുവിധ പോർട്ടലിലെ കാൻഡിഡേറ്റ് അഫിഡവിറ്റ് മാനേജ്മെൻ്റ് വഴി പത്രിക സമർപ്പണത്തിൻ്റെ വിവരങ്ങൾ അറിയാം.