അനിൽ അക്കരക്കും രമ്യഹരിദാസിനുമെതിരെ വടക്കാഞ്ചേരി കോൺഗ്രസ് ബ്ളോക്ക് യോഗത്തിൽ പ്രതിഷേധം: തോൽവിക്ക് കാരണം അനിൽഅക്കരയും ഡി.സി.സിയുമെന്ന് പ്രവർത്തകർ, ഐ.ഗ്രൂപ്പ് യോഗത്തിൽ നിന്നും വിട്ടു നിന്നു: വിമർശനം രൂക്ഷമായപ്പോൾ നേതാക്കൾ മുങ്ങിെയന്നും ആക്ഷേപം

121

വടക്കാഞ്ചേരിയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ അനിൽ അക്കര എം.എൽ.എക്കും രമ്യഹരിദാസിനുമെതിരെ പ്രതിഷേധം. ഇരു വിഭാഗങ്ങൾ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിലുമായി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് നേതാക്കൾക്കെതിരെ വിമർശനവും പ്രതിഷേധവുമുയർന്നത്. ആളാവാൻ വേണ്ടി അനിൽ അക്കര നടത്തിയ ഏകപക്ഷീയ പരിപാടികളാണ് തിരിച്ചടിക്കു കാരണമായതെന്ന് യോഗത്തിനെത്തിയ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ലൈഫ് മിഷൻ ആരോപണം പാർട്ടി കുടുംബങ്ങളെ പോലും അകറ്റി. പ്രചരണത്തിൻറെ രണ്ടാംഘട്ടത്തിൽ തിരിച്ചടിയുടെ സൂചന ലഭിച്ചപ്പോൾ നേതാക്കളെ അറിയിച്ചിട്ടും പരിഹരിക്കാൻ ശ്രമിച്ചില്ല. മന്ത്രി മൊയ്തീനെതിരെ ഒറ്റതിരിഞ്ഞ് ആക്രമിച്ചത് ജനങ്ങൾക്കിടയിൽ വലിയ എതിർപ്പിനിടയാക്കി. മന്ത്രിയുെട വാർഡ് പിടിക്കാൻ എം.എൽ.എ ചെയർമാനായ തെരഞ്ഞെടുപ്പ് കമ്മിറ്റിയെയും പ്രവർത്തകർ വിമർശിച്ചുവത്രെ. സ്ഥിരം നാടകം കളി ഇനി ഏൽക്കില്ല. പ്രചരണത്തിന് വീൽചെയറിൽ പ്രചരണത്തിനിറങ്ങിയ എം.പിയുടേത് പരിഹാസ്യമായെന്നും യോഗത്തിൽ ആരോപണമുയർന്നു. രമ്യ ഹരിദാസ് എം.പി, അനിൽ അക്കര എം.എൽ.എ, പി.എ മാധവൻ, രാജേന്ദ്രൻ അരങ്ങത്ത് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലായിരുന്നു നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവും വാക്കേറ്റവുമുയർന്നത്. തോൽവിയുടെ ഉത്തരവാദിത്വം എം.എൽ.എക്കാണെന്ന് പ്രവർത്തകർ ആരോപണമുന്നയിച്ചതോടെ ഡി.സി.സിയിൽ യോഗമുണ്ടെന്ന് അറിയിച്ച് അനിൽ അക്കരയും നേതാക്കളും പോയതായി പ്രവർത്തകർ പറയുന്നു. യോഗത്തിൽ ഐ ഗ്രൂപ്പ് വിട്ടു നിന്നതായും പറയുന്നു.