അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ നിയമനം: എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ നിർദേശം

9

അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ നിയമന നടപടി പരിഷ്‌കരിക്കണെമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഭരണഘടന ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം. നിയമനം ഒഴിവാക്കാമായിരുന്നവെന്നു ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു.
അരുണ്‍ ഗോയലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വ്യാഴാഴ്ച ഹാജരാക്കാനാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. നിയമന പ്രക്രിയ എങ്ങനെയെന്ന് മനസിലാക്കാനാണ് ഫയലുകള്‍ പരിശോധിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. നിയമനത്തിന്റെ നടപടിക്രമങ്ങള്‍ എല്ലാം സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ ശരിയായ രീതിയിലാണെങ്കില്‍ ഭയപ്പെടാന്‍ ഇല്ലെന്ന് ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് കെ.എം ജോസഫ് ചൂണ്ടിക്കാട്ടി. നിയമനം നടത്തുന്നതിന് കോടതിയുടെ വിലക്ക് ഉണ്ടായിരുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി വാദിച്ചു.
അരുണ്‍ ഗോയലിന്റെ നിയമനം ശരിയായ രീതിയില്‍ അല്ല നടന്നതെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ബെഞ്ചിന് മുമ്പാകെ ആരോപിച്ചിരുന്നു. സാധാരണ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി വിരമിച്ച ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. എന്നാല്‍, വ്യാഴാഴ്ച ഭരണഘടനാ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കാന്‍ തുടങ്ങിയതിന് തൊട്ടടുത്ത ദിവസം അരുണ്‍ ഗോയലിന് സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. തൊട്ടടുത്ത ദിവസം അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. മെയ് മാസം മുതല്‍ ഒഴിഞ്ഞുകിടക്കുന്ന ഒഴിവിലേക്കാണ് തിടുക്കത്തില്‍ സര്‍ക്കാര്‍ നിയമനം നടത്തിയതെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

Advertisement
Advertisement