അവിണിശേരിയിലെ സി.പി.എമ്മിന്റെ രാജിക്കളി കാര്യമായി: പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് വിട്ട് ഹൈക്കോടതി, ഹരി സി നരേന്ദ്രനെ പ്രസിഡണ്ടായും, ഗീത സുകുമാരനെ വൈസ് പ്രസിഡണ്ടായും കോടതി പ്രഖ്യാപിച്ചു, രാജിനാടകത്തിന് കോടതിയുടെ രൂക്ഷ വിമർശനം, ജനാധിപത്യ വിജയമെന്ന് ബി.ജെ.പി

90

അവിണിശേരിയിൽ കോൺഗ്രസ് വോട്ട് ലഭിച്ചുവെന്ന കാരണത്താൽ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് പദവി രണ്ട് തവണയായി രാജിവെച്ച സി.പി.എമ്മിൻറെ രാജിക്കളിക്ക് കനത്ത തിരിച്ചടി. പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് വിട്ട് ഹൈക്കോടതി ഉത്തരവിട്ടു. പ്രസിഡണ്ടായി ബി.ജെ.പിയിലെ ഹരി സി നരേന്ദ്രനെയും വൈസ് പ്രസിഡണ്ടായി ഗീത സുകുമാരനെയും ഹൈക്കോടതി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ വലിയ ഒറ്റക്കക്ഷിയാണെങ്കിലും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ബി.ജെ.പിക്കുണ്ടായിരുന്നില്ല. ബി.ജെ.പി- ആറ്, എൽ.ഡി.എഫ്-അഞ്ച്, യു.ഡി.എഫ്-മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. ബി.ജെ.പിയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ രണ്ട് തവണയും പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വോട്ട് ഇടതുമുന്നണിക്ക് ചെയ്യുകയായിരുന്നു. എന്നാൽ രണ്ട് തവണയും കോൺഗ്രസ് വോട്ട് ലഭിച്ചുവെന്ന കാരണം ചൂണ്ടിക്കാണിച്ച് ഇടതുമുന്നണി പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് പദവികൾ രാജിവെക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു രണ്ടാമത്തെ തെരഞ്ഞെടുപ്പ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് ബി.ജെ.പി സ്ഥാനാർഥിയായി മൽസരിച്ചത് ഹരി സി.നരേന്ദ്രനായിരുന്നു. ആദ്യ തവണ രാജിവെച്ചപ്പോൾ പഞ്ചായത്തിലെ മുതിർന്ന അംഗത്തിന് ചുമതല നൽകിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടാം തെരഞ്ഞെടുപ്പിന് നിർദ്ദേശം നൽകിയത്. ഇതും രാജിവെച്ചതോടെ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായ ബി.ജെ.പിയിലെ സൂര്യഷോബിയായിരുന്നു ഭരണച്ചുമതല നിർവഹിച്ചിരുന്നത്. രാജിനാടകം പഞ്ചായത്തിൽ ഭരണസ്തംഭനമുണ്ടാക്കുന്നുവെന്നും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരിയും ഗീതയും ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളെ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുമാരായി പ്രഖ്യാപിക്കണമെന്ന് ഇരുവരും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. രാജി നാടകത്തെ കോടതി നിശിതമായി വിമർശിച്ചാണ് ബി.ജെ.പി പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി മത്സരിച്ച് ഹരിയെ പഞ്ചായത്ത് പ്രസിഡൻ്റായുസ്റ്റ ഗീതയെ വൈസ് പ്രസിഡണ്ടായും പ്രഖ്യാപിച്ചത്. ഹൈക്കോടതി വിധി ജനാധിപത്യത്തിൻ്റെ വിജയമാണെന്നും ഇനിയെങ്കിലും ഇടത്-വലത് പാർട്ടികൾ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇത്തരം നാണം കെട്ട കളികൾ അവസാനിപ്പിച്ച് ജനവിധി അംഗീകരിക്കാൻ തയ്യാറാവണമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ പറഞ്ഞു.