എൽ.ഡി.എഫ് നാട്ടിക നിയോജക മണ്ഡലം സ്ഥാനാർത്ഥി മരിച്ചുവെന്ന് ജന്മഭൂമിയിൽ വാർത്ത: അപമാനിച്ചത് ജനങ്ങളെ, നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ

13
5 / 100

നാട്ടിക നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയിലെ മുകുന്ദന്‍ അന്തരിച്ചതായി ജന്മഭൂമി പത്രത്തില്‍ വാര്‍ത്ത. ചരമപേജില്‍ പദവികളും വയസുമുൾപ്പെടെ ചിത്രത്തോടെയുള്ള വിശദാംശങ്ങളോടെയാണ് ജന്മഭൂമി വാർത്ത പ്രസിദ്ധീകരിച്ചത്. ഇന്നലെയാണ് സി.പി.ഐ നാട്ടികയിലെ സ്ഥാനാർഥിയായി സി.സി.മുകുന്ദനെ പ്രഖ്യാപിച്ചത്. സിറ്റിങ് എം.എൽ.എ ഗീത ഗോപിയെ മാറ്റിയായിരുന്നു മുകുന്ദനെ സ്ഥാനാർഥിയാക്കിയത്. ഇതിൻറെ വിശദാംശങ്ങൾ സി.പി.ഐയുടെ മുഖപത്രമായ ജനയുഗത്തിൻറെ ഓഫീസിൽ നിന്നും അയച്ചിരുന്നു. ഡെസ്കിൽ ലഭിച്ചതിൽ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ജന്മഭൂമിയുടെ മറുപടി. അതേ സമയം വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ.കെ വത്സരാജ് അറിയിച്ചു. സി.സി മുകുന്ദന്‍റെ ചരമവാര്‍ത്ത ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ചത് മനുഷ്യത്വവിരുദ്ധവും അപമാനകരവുമാണ്. ജന്മഭൂമി പത്രം മാത്രം മുകുന്ദന്‍റെ ബയോഡാറ്റ ചരമകോളത്തില്‍ പ്രസിദ്ധീകരിച്ചത് പാര്‍ട്ടിയെ മാത്രമല്ല, നാട്ടിക നിയോജക മണ്ഡലത്തിലെ ജനങ്ങളെയാകെ അപമാനിച്ചതിന് തുല്യമാണ്. നാട്ടികയില്‍ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പരാജയം മണത്ത ചില ആളുകള്‍ ബോധപൂര്‍വ്വം ചമച്ചതാണോ ഈ വാര്‍ത്തയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജന്മഭൂമി പത്രം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്‍റെ സവര്‍ണ ഫാസിസ്റ്റ് മുഖമാണ് ഈ വ്യാജവാര്‍ത്തയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒരു നേതാവ് തെരഞ്ഞെടുക്കപ്പെടുന്നതിലുള്ള അസഹിഷ്ണുതയുടെ ഭാഗമായാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. വ്യാജവാര്‍ത്ത ചമച്ച ജന്മഭൂമി പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെയും പൊലീസ്, മനുഷ്യാവകാശ കമ്മീഷന്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍, കേരള പത്ര പ്രവര്‍ത്തക യൂണിയന്‍, പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്നും കെ.കെ വത്സരാജ് പറഞ്ഞു. കര്‍ഷക തൊഴിലാളി യൂണിയന്‍റെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമാണ് നാട്ടിക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.സി മുകുന്ദന്‍.