കുണ്ടറയിൽ പുതിയ വിവാദം: ഇ.എം.സി.സി ഡയറക്ടർ സ്വയം പെട്രോൾ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചുവെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ; മന്ത്രിയുടെ വാദം തള്ളി പോലീസ്, തനിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഷിജു വർഗീസ്, മന്ത്രി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് പി.സി.വിഷ്ണുനാഥ്

4

ആഴക്കടൽ മൽസ്യബന്ധന കരാറിലെ വിവാദ കമ്പനിയായ ഇ.എം.സി.സി ഡയറക്ടറും കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർഥിയായ ഷിജു വർഗീസിനെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇ.എം.സി.സി ഡയറക്ടർ സ്വയം പെട്രോൾ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു. കുണ്ടറ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. തനിക്ക് നേരേ ബോംബ് ആക്രമണം ഉണ്ടാകുന്നുവെന്ന് വരുത്താനുള്ള ശ്രമവും ഷിജുവിന്റെ ഭാഗത്ത് നിന്ന് നടന്നുവെന്നും മന്ത്രി പറഞ്ഞു. ഷിജു വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായും മന്ത്രി പറഞ്ഞു. എന്നാൽ മന്ത്രിയുടെ വാദങ്ങൾ പോലീസ് തള്ളി. ഷിജു വർഗീസിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പരാതിക്കാരാനായാണ് അദ്ദേഹം സ്റ്റേഷനിലെത്തിയതെന്നും പോലീസ് പറഞ്ഞു. തനിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഷിജു പറഞ്ഞു. കണ്ണനല്ലൂർ- കുരുവിപ്പള്ളി റോഡിൽ വെച്ച് തൻറെ ഇന്നോവ കാറിനെതിരെ ആക്രമണമുണ്ടായെന്നും മദ്യക്കുപ്പിയിൽ പെട്രോൾ നിറച്ച ശേഷം അദ്ദേഹത്തിന് വാഹനത്തിന് നേരെ എറിയുകയായിരുന്നുവെന്നാണ് ഷിജുവിന്റെ പരാതി. പ്രദേശത്ത് ഫോറൻസിക് പരിശോധന നടത്തി. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെത് അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി വിഷ്ണുനാഥ് പ്രതികരിച്ചു. ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പരാതി നല്‍കി അദ്ദേഹം പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടതാണ്. പരാതി കിട്ടിയതായാണ് പോലീസില്‍ നിന്ന് മനസിലായത്.
മന്ത്രി തെരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തെറ്റിദ്ധരണാജനകമായ പ്രസ്താവന നടത്തി. ഷിജു വര്‍ഗീസിന്റെ കാര്‍ കത്തിച്ച സംഭവം പോലീസ് അന്വേഷിക്കണം. അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണിത്. മന്ത്രി ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലെ കളവിന്റെ തുടര്‍ച്ച തെരഞ്ഞെടുപ്പ് ദിവസവും തുടരുന്നുവെന്നും പി.സി വിഷ്ണുനാഥ് ആരോപിച്ചു.