ക്ഷേമപെൻഷൻ 3000 രൂപയാക്കും, ന്യായ് പദ്ധതി നടപ്പിലാക്കും, അഞ്ച് ലക്ഷം വീടുകൾ അർഹരായവർക്ക് നിർമ്മിച്ച് നൽകും, കാരുണ്യപദ്ധഥി പുനസ്ഥാപിക്കും, തൊഴിൽ രഹിതരായ വീടമ്മമാർക്ക് 2000 രൂപ നൽകും, ശബരിമലയിൽ നിയമനിർമ്മാണം കൊണ്ടുവരും: ക്ഷേമ പദ്ധതികളുമായി യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറങ്ങി

23
2 / 100

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രിക ഗീതയും ബൈബിളും ഖുറാനുമാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രകടനപത്രികയിലുള്ളത് യു.ഡി.എഫ് പൂർണമായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ നിന്ന് അഭിപ്രായം തേടി പ്രകടനപത്രിക തയ്യാറാക്കാൻ തങ്ങൾക്ക് കഴിഞ്ഞെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. ഇതൊരു ജനകീയ മാനിഫെസ്റ്റോ ആണ്. കേരളത്തെ ലോകോത്തര മാതൃകയിലേക്കെത്തിക്കുക എന്ന ദൗത്യമാണ് യുഡിഎഫ് ഏറ്റെടുക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതി നടപ്പാക്കും. പ്രകടനപത്രികയുടെ കാതൽ എന്ന് പറയുന്നത് ന്യായ് പദ്ധതിയാണ്. മാസം തോറും 6000 രൂപ വരെ പാവപ്പെട്ടവർക്ക് ഉറപ്പാക്കും. സംസ്ഥാനത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് സാധിക്കും. 5 ലക്ഷം വീടുകൾ അർഹരായവർക്ക് പണിതു നൽകും. സാമൂഹ്യക്ഷേമ പെൻഷനുകൾ 3000 രൂപ ആക്കും. ക്ഷേമ പെൻഷൻ കമ്മീഷൻ രുപീകരിക്കും. വെള്ളക്കാർഡുകാർക്ക് 5 കിലോ അരി സൗജന്യമായി നൽകും. കാരുണ്യ പദ്ധതി പുനസ്ഥാപിക്കും. 40 വയസിനും 60 വയസിനും ഇടയിലുള്ള തൊഴിൽ രഹിതരായ വീട്ടമ്മമാർക്ക് 2000 രൂപ നൽകും. കോവിഡ് കാരണം മരിച്ച പ്രവാസികളടക്കമുള്ള അർഹരായ വ്യക്തികളുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കും. കൊവിഡ് കാരണം തകർന്ന കുടുംബങ്ങൾക്ക് വ്യവസായം തുടങ്ങാൻ സഹായം ചെയ്യും. അതിനായി കൊവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപീകരിക്കും. ശബരിമല ആചാര സംരക്ഷണത്തിന് നിയമനിർമ്മാണം കൊണ്ടുവരും. റബ്ബറിന് താങ്ങുവില 250 രൂപ ആക്കും.നെല്ലിനും 30 രൂപ താങ്ങുവില ഉറപ്പാക്കും. എസ് സി / എസ് ടി ഭവന നിർമാണത്തിനുള്ള തുക 6 ലക്ഷം ആക്കും. കടലിൻ്റെ അവകാശം കടലിൻ്റെ മക്കൾക്ക് എന്ന പേരിൽ മത്സ്യ തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി രൂപീകരിക്കും. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും.പീസ് ഹാർമണി വകുപ്പ് രൂപീകരിക്കും. 700 രൂപ കുറഞ്ഞകൂലി നടപ്പാക്കും. പി.എസ്.സി സംവിധാനം കാര്യക്ഷമമാക്കാൻ പുതിയ നിയമനിർമ്മാണം നടപ്പാക്കുമെന്നും ബെന്നി ബഹനാൻ അറിയിച്ചു. ഇവയൊക്കെ പ്രകടനപത്രികയിലെ പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രമാണെന്നും നിരവധി ജനക്ഷേമ പദ്ധതികൾ വേറെയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.