ഗുരുവായൂരിലെ ബി.ജെ.പി വോട്ടുകൾ പാട്ടിലാക്കാൻ യു.ഡി.എഫ്: എം.പിയുടെ സാനിധ്യത്തിൽ രാത്രിയിൽ യോഗം ചേർന്നു; എൻ.ഡി.എ സ്ഥാനാർഥിയില്ലാത്തത് ആർക്ക് ഗുണകരമാകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് കെ.എൻ.എ ഖാദർ

42
8 / 100

ഗുരുവായൂരിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പത്രിക തള്ളിയ ഉടനെ ബി.ജെ.പി വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമങ്ങളിലേക്ക് മുന്നണികൾ കടന്നു. ശനിയാഴ്ച വൈകീട്ട് ഗുരുവായൂരില്‍ എം.പി.യുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. പ്രത്യേകയോഗം ചേര്‍ന്നു. നിയോജകമണ്ഡലത്തിലെ പ്രധാന നേതാക്കളുടെയും ഭാരവാഹികളുടെയും യോഗമാണ് നടന്നത്.  ഹൈന്ദവ വോട്ടുകൾ അനുകൂലമാക്കാനുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കാൻ യോഗം നിർദ്ദേശിച്ചു. കോ-ലീ-ബി സഖ്യമെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ഗുരുവായൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ.ഖാദര്‍ പ്രതികരിച്ചു. നോമിനേഷന്‍ തളളിയത് ബി.ജെ.പിയും എല്‍ഡിഎഫുമായുളള അവിശുദ്ധ ബന്ധത്തിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ഥിയില്ലാതാകുന്നത് ആര്‍ക്ക് ഗുണകരമാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരരംഗത്ത് എന്‍.ഡി.എ. ഇല്ലെങ്കില്‍ അത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. കേന്ദ്രങ്ങള്‍. അതേസമയം പത്രിക തള്ളിയത് ഒത്തുകളിയാണെന്ന ആരോപണവുമായി എല്‍.ഡി.എഫ്. രംഗത്തിറങ്ങി.
കോണ്‍ഗ്രസും ലീഗും ബി.ജെ.പി.യും ചേര്‍ന്ന് ഗുരുവായൂരില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്ന് ആരോപണവുമായി നിയോജകമണ്ഡലത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ്. പ്രകടനം നടത്തി.