ചുമരുകളെ മഴവില്ലാക്കി സജീവനും ബിനിതയും

36

നിറങ്ങളുടെ സമ്പന്നതയാൽ വരയേയും വാക്കുകളേയും വിസ്മയമാക്കുകയാണ് സജീവനും ബിനിതയും. വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ പ്രചരണാർത്ഥം നാട്ടിലെ ചുമരുകൾ ഈ ദമ്പതികളുടെ കരസ്പർശത്താൽ വർണ്ണാഭമായി .

Advertisement

അവണൂർ പഞ്ചായത്തിലെ ആറാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയബാബുരാജിനു വേണ്ടി എഴുതിയാണ് ചുമരെഴുത്തിന് ഇത്തവണ തുടക്കംകുറിച്ചത്. തുടർന്ന് മണിത്തറ ,വരടിയം പ്രദേശങ്ങളിലും മുളം കുന്നത്തുകാവ് ,അടാട്ട് പഞ്ചായത്തുകളിലെ വിവിധ ചുമരുകളിലും ഇവർ എഴുത്തും വരയും നടത്തി.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് മുതലാണ് സജീവന് കൂട്ടായി ബിനിത ബ്രഷ് കയ്യിലെടുത്തത് .ഇപ്പോൾ ഔട്ട്‌ലൈൻ ഇട്ടുകൊടുത്താൽ ബിനിത മനോഹരമായി എഴുത്ത് പൂർണമാക്കും. മറ്റ് ചുമരെഴുത്തുകൾ പോലെയല്ല ഇവരുടെ രീതി. മറ്റുള്ളവർ ഒരു ദിവസം പത്തു മതിലുകൾ തീർക്കുമ്പോൾ ഇവർ മൂന്നോ നാലോ ദിവസമെടുത്ത് ചുമരിനെ വർണ്ണങ്ങളുടെ മഴവില്ലാക്കും. ആരും വീണ്ടും വീണ്ടും നോക്കുകയും നോക്കി നോക്കി നിൽക്കുകയും ചെയ്യുന്ന വിധത്തിൽ ചുമരെഴുത്ത് എന്ന കലയെ ഈ ദമ്പതികൾ സമ്പന്നമാക്കുകയാണ്.

മണിത്തറ സ്കൂളിൽ പഠിക്കുമ്പോൾ ചൈന ബസാറിൽ നടന്ന പൊറാട്ട് നാടകത്തിൻ്റെ പ്രചരണത്തിനുവേണ്ടി ബോർഡ് എഴുതിയതാണ് സജീവൻ്റെ ആദ്യ രംഗപ്രവേശം.അന്ന് ബീഡി കുറ്റി നീലത്തിൽ മുക്കിയാണ് എഴുത്ത് .അതിനു ശേഷം വന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ സജീവൻ ചുമരെഴുത്തുകളിൽ സജീവമായി .

തിരഞ്ഞെടുപ്പ് സമയങ്ങളിൽ ചൈന ബസാറിൽ എഴുതാൻ വന്നിരുന്ന കെ.എം .അനിലിൻ്റേയും, യു.വി. മുരളിയുടെയും എഴുത്ത് നോക്കി നിന്നു കൊണ്ടാണ് സജീവൻ എഴുത്തിൻ്റെ ബാലപാഠങ്ങൾ പഠിച്ചെടുത്തത്. അക്ഷരങ്ങളുടെ വലുപ്പചെറുപ്പവും , ക്രമീകരണവും ഇവരിലൂടെയാണ് സജീവന് കൈവന്നത്.

ശാന്താ ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുമ്പോൾ എസ്എഫ്ഐ യുടെ മുഴുവൻ ബോർഡുകളും എഴുതുക സജീവനാണ്. എസ്എഫ്ഐ എന്ന മൂന്നക്ഷരത്തെ പുസ്തകങ്ങളുടെയും പേനയുടെയും അകമ്പടി ചേർത്ത് തീജ്വാല പോലെ ജ്വലിച്ചുനിൽക്കുന്നതാക്കി മാറ്റിയത് സജീവനാണ്.

അവണൂർ വലിയകുളങ്ങര മകരച്ചൊവ്വ പൂരത്തിൻ്റെ യന്ന് അരങ്ങേറുന്ന നാടകങ്ങളുടെ പ്രചരണ ബോർഡുകൾ ഒരുക്കിയിരുന്നതും സജീവൻ തന്നെ. കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ബോർഡുകളിൽ ജീവൻ തുടിച്ച് നിന്നിരുന്നു.
ഉത്സവപറമ്പുകളിലെ ആവേശമായ വെളപ്പായ നന്മയുടെ തെയ്യം രൂപങ്ങൾ അണിയിച്ചൊരുക്കിയതും സജീവൻ്റെ മാന്ത്രിക കൈകൾ തന്നെ.

അച്ഛൻ്റേയും അമ്മയുടെയും പാത പിന്തുടർന്ന് മക്കളും തൂലിക കൈയ്യിലെടുത്ത് നിറക്കൂട്ടുകളുടെ കൂട്ടുക്കാരാകുന്നുണ്ട്.
മകൾ ദേവനന്ദ മണിത്തറ സ്കൂളിൾ ആറാം ക്ലാസ്സിലും മകൻ ദേവാനന്ദ് വെളപ്പായ സ്കൂളിൽ നാലാം ക്ലാസ്സിലുമാണ് പഠിക്കുന്നത്.

e38ed922 3df8 4aea be03 132924bd8f69
Advertisement