ദൈവങ്ങള്‍ക്ക് വോട്ട് ഉണ്ടാകുമായിരുന്നുവെങ്കില്‍ എല്ലാവരുടെയും വോട്ട് എൽ.ഡി.എഫിന് ആയിരിക്കുമായിരുന്നുവെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. എല്ലാ മതവിശ്വാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തിയ സര്‍ക്കാരാണിത്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനം നടത്തിയ സര്‍ക്കാരാണിതെന്നും കോടിയേരി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. തങ്ങള്‍ ഡീലര്മാരല്ല. ഡീലര്‍മാരായി ശീലമുള്ളവര്‍ക്കേ അത്തരം പ്രതികരണം നടത്താനാകൂവെന്നും കോടിയേരി. തലശേരിയിലെ ബി.ജെ.പി കോണ്‍ഗ്രസ് അവിശുദ്ധ ബന്ധം കണ്ടതാണ്. നേമത്ത് കുമ്മനം രാജശേഖരന് തന്നെ പരാജയം സമ്മതിച്ചു. കഴിഞ്ഞ തവണത്തെ ബി.ജെ.പി വിജയം ആക്സിഡന്റ് ആയിരുന്നുവെന്നും കോടിയേരിയുടെ പ്രതികരണം. ഇപ്പോള്‍ ഇടത് മുന്നണിക്ക് 95 സീറ്റുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം 100ല്‍ അധികം സീറ്റ് ഇടതുപക്ഷം നേടും. മുന്‍കാലങ്ങളില്‍ ഇടതുപക്ഷത്തിന് അനുകൂലമല്ലാത്ത ജില്ലകളില്‍ വരെ വിജയമുണ്ടാകും. കോടിയേരി ജൂനിയര്‍ ബേസിക്സ് സ്കൂളില്‍ കുടുംബ സമേതം കോടിയേരി വോട്ട് രേഖപ്പെടുത്തി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് വലിയ ആവേശമാണ്. പ്രചാരണ പ്രവര്‍ത്തനം ജനങ്ങള്‍ പ്രവര്‍ത്തനം ഏറ്റെടുത്തുവെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.