നാട് പ്രചാരണാവേശത്തിൽ: മറ്റന്നാൾ വോട്ടെടുപ്പ്

6
5 / 100

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ മേളം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി. വൈകുന്നേരം ഏഴ് മണിക്ക് കൊട്ടിക്കലാശമില്ലാതെ പ്രചാരണം അവസാനിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം. ഈസ്റ്റർ ദിവസമായ ഇന്ന് മിക്ക മണ്ഡലങ്ങളിലും ദേവാലയങ്ങളിൽ നിന്നാണ് സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങിയത്. ദേശീയ, സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ റോഡ് ഷോകളും റാലികളുമായി അവസാനദിന പ്രചാരണം ആഘോഷമാക്കാനാണ് മൂന്ന് മുന്നണികളും ഒരുങ്ങുന്നത്. കോഴിക്കോട്ടെത്തിയ രാഹുൽ ഗാന്ധി അവിടെ നിന്ന് നേമത്ത് എത്തും. 957 സ്ഥാനാർത്ഥികളുടെ വിധി നിശ്ചയിക്കാനായി സംസ്ഥാനത്തെ രണ്ടു കോടി 74 ലക്ഷം വോട്ടർമാർ മറ്റന്നാൾ പോളിംഗ് ബൂത്തുകളിൽ എത്തും. പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് അമ്പത്തിയൊമ്പതിനായിരം പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തെമ്പാടുമായി വിന്യസിച്ചിട്ടുണ്ട്. 140 കമ്പനി കേന്ദ്ര സേനയും കേരളത്തിലുണ്ട്. ഇത്രയധികം കേന്ദ്രസേന കേരളത്തിൽ ഇതാദ്യമാണ്. പോളിംഗ് ഏജന്‍റുമാർക്ക് സുരക്ഷാഭീഷണിയുണ്ടെങ്കിൽ പോലീസ് സംരക്ഷണം നൽകും. അതിർത്തി ജില്ലകളിലെ കള്ളക്കടത്ത്, മദ്യക്കടത്ത് എന്നിവ തടയാൻ 152 സ്ഥലങ്ങളിൽ അതിർത്തി അടച്ചു. തമിഴ്നാട്ടിൽ നിന്ന് അതിർത്തി കടന്നെത്തി കള്ളവോട്ട് ചെയ്യുന്നത് തടയാൻ ഇടുക്കി അതിർത്തിയിൽ കേന്ദ്ര, സായുധസേനയെ വിന്യസിക്കാനുള്ള തീരുമാനം കർശനമായി നടപ്പാക്കണമെന്ന് ഇന്നലെ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയിരുന്നു. ഇരു സംസ്ഥാനങ്ങളിലും വോട്ടുള്ളവർ ഇവിടെ വോട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ഉടുമ്പൻചോല, ദേവികുളം, പീരുമേട് എന്നീ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.