നേമത്തെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്ക് ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കില്‍ എം.പി സ്ഥാനം രാജിവെച്ചല്ലേ മത്സരിക്കേണ്ടതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. ഒരു കാല് ഡല്‍ഹിയിലും ഒരു കാല് തിരുവനന്തപുരത്തും വെച്ചാല്‍ കാലിന് ഉറപ്പുണ്ടാവുമോയെന്നും നിയമസഭയിലാണോ ലോക്സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടു മതി പോരാട്ടമെന്നും കോടിയേരി പറഞ്ഞു.
ഇടത് സ്ഥാനാര്‍ഥിക്ക് തടിയും വണ്ണവും തൂക്കവും മറ്റുള്ളവരേക്കാള്‍ കുറവാണെന്നെ ഉള്ളൂ. രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ശിവന് കുട്ടി. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിക്ക് ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കില്‍ എംപി സ്ഥാനം രാജിവെച്ചല്ലേ മത്സരിക്കേണ്ടത്. അങ്ങനയാണെങ്കില്‍ അദ്ദേഹത്തെ അംഗീകരിക്കും. ഇപ്പോ രണ്ട് തോണിയിലല്ലേ കാല്. ഒരു കാല് ഡല്‍ഹിയിലും ഒരു കാല് തിരുവനന്തപുരത്തും വെച്ചാല്‍ കാലിന് ഉറപ്പുണ്ടാവുമോ, കോടിയേരി ചോദിച്ചു.
നിയമസഭയിലാണോ ലോക്സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടു മതി പോരാട്ടമെന്നും കോടിയേരി പറഞ്ഞു. കേരളം പൊതുവില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പോരാട്ടം. എന്നാല്‍ നേമത്തെ കണക്ക് നോക്കുമ്പോള്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം വരുന്നത്. കുന്ദമംഗലത്ത് കോലീബി സഖ്യമാണെന്ന ആരോപണവും കോടിയേരി ഉന്നയിച്ചു.
“ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ ബന്ധവും നീക്ക് പോക്കും അണിയറ പ്രവര്‍ത്തനവും യുഡിഎഫില്‍ നടക്കുകയാണ്. ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉറപ്പാകുമെന്ന് കരുതിയപ്പോള്‍ രാഷ്ട്രീയമായി നടത്തുന്ന പാപ്പരത്വമാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടതുമുന്നണിക്ക് നല്ല ആത്മവിശ്വാസമുണ്ട്. ഇത്തരം കുതന്ത്രങ്ങള്‍ കൊണ്ടൊന്നും ഇടതിന്റെ തുടര്‍ ഭരണം അട്ടിമറിക്കാന്‍ ആവില്ല . തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഇടതു മുന്നണി പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത്”, കോടിയേരി പറഞ്ഞു.
“എല്ലാ സര്‍വ്വേകളും ഇടതിന് തുടര്‍ഭരണമെന്നാണ് പറയുന്നത്. നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു സ്വകാര്യ ചാനല്‍ നടത്തിയ സര്‍വ്വേയിലാണ് ഇടതിന് തുടര്‍ഭരണം പ്രഖ്യാപിച്ചു തുടങ്ങിയത്. ഇപ്പോ എല്ലാ സ്വതന്ത്ര സര്‍വ്വേകളും അതു തന്നെയാണ് പറയുന്നത്. സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ പിറകെ ഞങ്ങള്‍ പോകില്ല. പല സര്‍വ്വേ റിപ്പോര്‍ട്ടുകളും ഇതിനു മുമ്പ് ഇടത് മുന്നണിയാണെന്ന പരഞ്ഞിട്ട് ഇലക്ഷന് രണ്ട് ദിവസം മുമ്പ് യുഡിഎഫാണെന്ന് പറയും. അങ്ങനെ ഒരു സ്ഥിതി ഉണ്ടാക്കാനും ഇടയുണ്ട്. അതുകൊണ്ട് സര്‍വ്വേ റിപ്പോര്‍ട്ടിന് പുറകെ പോവണ്ട എന്നാണ് ഇടതു പ്രവര്‍ത്തകര്‍ക്ക് ഞങ്ങള്‍ നല്കുന്ന മുന്നറിയിപ്പ്”, കോടിയേരി കൂട്ടിച്ചേര്‍ത്തു.