പരാജയഭീതിയിൽ സി.പി.എം അക്രമം അഴിച്ചുവിടുന്നു: തളിപറമ്പിൽ റീ പോളിങ് വേണമെന്നും ചെന്നിത്തല

5
4 / 100

പരാജയഭീതി പൂണ്ട സി.പി.എം എല്ലായിടത്തും അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ പാനൂരില്‍ മന്‍സൂര്‍ എന്ന ലീഗ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു ചെന്നിത്തല. സംസ്ഥാനത്ത് പലയിടത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അക്രമങ്ങളും ഭീഷണികളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം ആരോപിച്ചു. 
പാനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കൊലയാളികളുടെ പാര്‍ട്ടിയായ സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകണം. എത്ര ചോരകുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ് സിപിഎമ്മിന്റെ അക്രമം വര്‍ധിച്ചുവരുന്നത്. കായംകുളത്ത് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ചു. ഹരിപ്പാട് മണ്ഡലം പ്രസിഡന്റിനെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചു. 
അക്രമത്തിന്റെ ശൈലി ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് പാനൂരില്‍ ഉണ്ടായത്. ആന്തൂരില്‍ 35 ബൂത്തുകളില്‍ ഒരുബൂത്തിലൊഴികെ എല്ലായിടത്തും മറ്റുപാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ചു. ഇങ്ങനെയാണോ ഉത്തരവാദിത്തമുളള രാഷ്ട്രീയ പ്രസ്ഥാനം പ്രവര്‍ത്തിക്കേണ്ടത്. എം.വിഗോവിന്ദന്‍ പറഞ്ഞതനുസരിച്ച് കളളവോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞതാണ് കാരണം. തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇനിയെങ്കിലും സമാധാന അന്തരീക്ഷം നിലനിര്‍ത്താനുളള ശ്രമങ്ങള്‍ സി.പി.എം സ്വീകരിക്കണം. സാങ്കേതികമായി അവര്‍ അധികാരത്തിലാണ്. നാട്ടില്‍ മനസമാധാനം പുലരണമെന്നും ചെന്നിത്തല പറഞ്ഞു. 
തളിപ്പറമ്പില്‍ വ്യാപകമായി ബൂത്തുപിടിത്തമുണ്ടായെന്നും ഇവിടെ റീപോളിങ് വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.’