‘ബി.ജെ.പിക്കാരെ തൊട്ട ഒന്നിനെയും വെച്ചേക്കില്ല’: ഒല്ലൂരിൽ ബി.ജെ.പി സ്ഥാനാർഥിയുടെ കൊലവിളി പ്രസംഗം

190
8 / 100

എൽ.ഡി.എഫ്‌ പ്രവർത്തകർക്കെതിരെ ബി.ജെ.പി സ്ഥാനാർഥിയുടെ കൊലവിളി പ്രസംഗം. ഒല്ലൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി സംസ്ഥാന വക്താവുമായ ബി ഗോപാലകൃഷ്‌ണനാണ്‌ കൊലവിളി പ്രസംഗം നടത്തിയത്‌. പൊന്നൂക്കരയിൽ പ്രവർത്തകർ തമ്മിൽ പോസ്‌റ്റർ പതിക്കുന്നതിനെച്ചൊല്ലി ചെറിയ തർക്കം നടന്നിരുന്നു. ഇവിടെയാണ്‌ വിവാദപ്രസംഗം നടത്തി കലാപത്തിനുള്ള ശ്രമം നടത്തിയത്. ബി.ജെ.പിക്കാരെ തൊട്ടവരെ ഒന്നിനേയും വെറുതെ വിടില്ല. തെരഞ്ഞെടുപ്പ്‌ മാറ്റിവച്ച്‌ കൈകാര്യം ചെയ്യും. വേണ്ടി വന്നാൽ മര്യാദ ലംഘിക്കും. പത്തല്ല, ഇരുപത്‌ ശതമാനമായി മറുപടി നൽകും. ഇടതുപക്ഷ പ്രവർത്തകരുടെ പേര്‌ പറഞ്ഞായിരുന്നു വെല്ലുവിളി. പൊലീസിനേയും വെല്ലുവിളിച്ചായിരുന്നു ഗോപാലകൃഷ്ണൻറെ പ്രസംഗം. കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സിറ്റിങ് ഡിവിഷനിൽ ഗോപാലകൃഷ്‌ണൻ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇത് തോൽപ്പിച്ചതാണെന്ന ആക്ഷേപത്തെ തുടർന്ന് ഹിന്ദു ഐക്യവേദി നേതാവിനെതിരെ നടപടിയെടുത്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയിൽ ബി.ഡി.ജെ.എസ് മൽസരിച്ചിരുന്ന സീറ്റാണ് ഒല്ലൂർ. ഏറ്റവും കുറവ് വോട്ട് കിട്ടിയതും ഇവിടെയായിരുന്നു. സീറ്റ് പ്രതീക്ഷിച്ച് കൊടുങ്ങല്ലൂരിൽ ക്യാമ്പ് െചയ്ത് പ്രവർത്തിച്ചിരുന്ന ഗോപാലകൃഷ്ണനെ ഒല്ലൂരിൽ മൽസരിപ്പിച്ചത് ഒതുക്കിയതാണെന്ന് ചർച്ചക്കിടയാക്കിയിരുന്നു.