ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ രൂക്ഷമായി വിമർശിച്ച് ആർ.എസ്.എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍. ബാലശങ്കര്‍: സി.പി.എം-ബി.ജെ.പി നേതൃത്വവുമായി ഡീലുണ്ട്, തന്നെ ചെങ്ങന്നൂരിൽ നിന്നും ഒഴിവാക്കിയത് ബോധപൂർവ്വമെന്നും ബാലശങ്കർ; തുറന്നു പറച്ചിൽ ഗൗരവകരമെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും, മറുപടി അർഹിക്കുന്നതല്ലെന്ന് കെ.സുരേന്ദ്രൻ

13
4 / 100

ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ രൂക്ഷമായി വിമർശിച്ച് ആർ.എസ്.എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍. ബാലശങ്കര്‍. ചെങ്ങന്നൂരില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ബോധപൂര്‍വമാണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിക്ക് വേണ്ടി 40 വര്‍ഷം പ്രവര്‍ത്തിച്ച തന്നെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും കേരളത്തിലെ നേതാക്കള്‍ മാഫിയ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങിയതെന്നും ബാലശങ്കര്‍ പറഞ്ഞു. തനിക്ക് വിജയസാധ്യതയുള്ള മണ്ഡലമാണ് ചെങ്ങന്നൂരെന്നും അനുയോജ്യ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള മണ്ഡലത്തില്‍ എന്നെ ഒഴിവാക്കിയതിലെ യുക്തി തനിക്ക് മനസ്സിലാകുന്നില്ല. ചെങ്ങന്നൂരും ആറന്മുളയും വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളാണ്. ഇപ്പോള്‍ സീറ്റ് നല്‍കിയ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ അപ്രസക്തരാണെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം തങ്ങൾ മുൻപ് പറഞ്ഞിരുന്ന സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടിനെ സാധൂകരിക്കുന്നതാണ് ബാലശങ്കറിൻറെ തുറന്നു പറച്ചിലെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. തുറന്നു പറച്ചിൽ ഗൗരവകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. മറുപടി അർഹിക്കുന്നതല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനും പ്രതികരിച്ചു.