മുരളീധരന് പിന്നാലെ; തൃശൂരിൽ കെ.സുധാകരനെ വിളിക്കണമെന്നാവശ്യപ്പെട്ട് ബോർഡുകൾ

38

തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള കോൺഗ്രസിലെ കലാപം അവസാനിക്കുന്നില്ല. കെ.മുരളീധരനെ വിളിക്കൂ… കോൺഗ്രസിനെ രക്ഷിക്കൂ ആവശ്യപ്പെട്ടുയർന്ന ബോർഡുകൾക്ക് പിന്നാലെ കെ.സുധാകരന് വേണ്ടിയും തൃശൂരിൽ ബോർഡുകൾ ഉയർന്നു. നടുവിലാലിലും സ്വരാജ് റൗണ്ടിലെ വിവിധയിടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കാൻ കോൺഗ്രസിനെ സുധാകരൻ നയിക്കട്ടെയെന്ന് എഴുതിയതാണ് ബോർഡുകൾ. നേരത്തെ കെ.പി.സി.സി ഓഫീസിന് മുന്നിലും സുധാകരന് വേണ്ടി ബോർഡുകൾ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനമായിരുന്നു സുധാകരൻ നടത്തിയത്. താൻ എം.പി സ്ഥാനം രാജിവെക്കാമെന്നും പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാമെന്നും സുധാകരൻ വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. മുരളീധരന് വേണ്ടി തൃശൂരിലും ഗുരുവായൂരിലുമാണ് ബോർഡുകൾ ഉ‍യർന്നിരുന്നത്. കെ.എസ്.യു യൂത്ത് കോൺഗ്രസ് തൃശൂർ എന്ന പേരിലായിരുന്നു ബോർഡുകൾ. എന്നാൽ സുധാകരൻറെ ബോർഡുകൾ ആര് സ്ഥാപിച്ചതെന്ന് അറിയിച്ചിട്ടില്ല.