മുളങ്കുന്നത്തുകാവിൽ തകർന്നു വീണത് നാലര പതിറ്റാണ്ടായി ഉലയാതെ നിന്ന ഇടതിൻറെ ഉരുക്കു കോട്ട: സി.പി.എം വിമതനെ കൂട്ടി യു.ഡി.എഫിന് ആദ്യമായി ഭരണം

50

മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ സി.പി.എം വിമതനെ കൂട്ട് പിടിച്ച് യു.ഡി.എഫ് അവസരത്തെ ഉപയോഗിച്ച് ഭരണം പിടിച്ചപ്പോൾ നഷ്ടപ്പെട്ടത് നാലര പതിറ്റാണ്ടായി ഏത് രാഷ്ട്രീയ കൊടുങ്കാറ്റിലും ഉലയാതെ നിന്നിരുന്ന ഇടതിൻറെ ഉരുക്കു കോട്ട. രൂപീകൃതമായ കാലം മുതൽ ഇന്നുവരെയും ഇടത് ഇതര മേഖലയിൽ നിന്ന് ഒരാൾക്കും ഇവിടെ പഞ്ചായത്ത് പ്രസിഡൻ്റാകാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ യു.ഡി.എഫ് ഭരണം പിടിക്കുമ്പോഴും സി.പി.എം വിമതനെ കൂട്ടിയാണെന്ന് മാത്രം. 1957 ൽ അവണൂർ പഞ്ചായത്തിൻ്റെ ഭാഗമായിരുന്ന മുളങ്കുന്നത്തുകാവിൽ നടന്ന തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തിയതാണ്. പാർട്ടിയുടെ ചിഹ്നം വെച്ച പെട്ടിയിൽ വോട്ട് നിക്ഷേപിക്കുന്ന കാലം. കോൺഗ്രസിൻ്റെ  ചിഹ്നം നുകവും കാളയും, ഇടതിന് അരിവാളും നെൽകതിരും. വോട്ടെണ്ണൽ ദിനത്തിൽ കോൺഗ്രസ് വല്ലാതെ ഞെട്ടി. പെട്ടി പൊളിച്ചപ്പോൾ ഒറ്റ വോട്ടു പോലുമില്ല. എല്ലാം അരിവാൾ പെട്ടിയിൽ . ഇതോടെ കാള പെട്ടിക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഇവിടെ നിന്നാണ് ഉയർന്നത്. അത് പിന്നെ കേരളം മുഴുവൻ അലയടിച്ചു. കമ്മ്യൂണിസ്റ്റ്  പാർട്ടി സംസ്ഥാന കമ്മറ്റി സ്വർണ്ണത്തിൽ തീർത്ത പൊന്നരിവാൾ പഞ്ചായത്ത് കമ്മറ്റി ക്ക് പുരസ്ക്കാരമായി നൽകി. അങ്ങിനെ പൊന്നരിവാൾ സ്വന്തമാക്കിയ കമ്മ്യൂണിസ്റ്റുകാർ എന്ന പെരുമയും മുളങ്കുന്നത്തുകാവിനുള്ളതാണ്. പക്ഷേ, വർഷങ്ങൾക്കിപ്പുറം കോട്ട ഇളകുന്നുവെന്ന സൂചനയാണ് ഈ തെരഞ്ഞെടുപ്പിൽ പ്രകടമായത്. സി.പി.എം നേതാക്കളുടെ അനാവശ്യ നടപടിയാണ് പഞ്ചായത്ത് കൈവിടാൻ ഇടയാക്കിയതെന്ന ആക്ഷേപവുമുണ്ട്. 14 സീറ്റുള്ള പഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ആറ് വീതവും ഒരു ഇടത് വിമതനും ഒരു ബി.ജെ.പി അംഗവുമാണുള്ളത്. വിമതനായി മൽസരിച്ച സി.പി.എം നേതാവും, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന കെ. ജെ. ദേവസി (ബൈജു – 39) ആണ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. ബൈജുവിൻ്റെ പിന്തുണയോടെയാണ് യു.ഡി.എഫ് പഞ്ചായത്തിൽ ആദ്യമായി ഭരണത്തിലേറുന്നത്. വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ മെറീന ബാബു തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കെ. എൻ. അനൂപിനെയാണ് ബൈജു പരാജയപ്പെടുത്തിയത്.