രാജ്യസഭാ തിരഞ്ഞെടുപ്പ് തിയതി ഉടൻ പ്രഖ്യാപിക്കണമെന്ന് സി.പി.എം: നേരത്തെ തിയതി മാറ്റിയത് ബി.ജെ.പിയുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് വിജയരാഘവൻ; ചെന്നിത്തലയുടെ മനോനില തെറ്റിയ നിലയിലെന്നും വിജയരാഘവൻ

4

രാജ്യസഭ തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ തിയതി പ്രഖ്യാപിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. നേരത്തെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷം മാറ്റിയത് ബി.ജെ.പിയുടെ രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് കമ്മീഷൻ ചെയ്തത്. ഇത് മനസിലാക്കിയാണ് സി.പി.എം ഹൈക്കോടതിയെ സമീപിച്ചത്. ജനാധിപത്യത്തിന്റെ ഉള്ളടക്കം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നതാണ് വിധി. നിലവിലെ സാഹചര്യത്തിൽ എൽ.ഡി.എഫിന് മുൻതൂക്കമുള്ള സഭയിൽ രണ്ട് അംഗങ്ങളെ വിജയിപ്പിക്കാൻ സാധിക്കും. ഒരെണ്ണം യു.ഡി.എഫിനും ലഭിക്കും. പ്രഖ്യാപനം വന്നാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് മാറ്റിവച്ചതിൽ കോൺഗ്രസ് പ്രതികരിക്കാതിരുന്നത് എന്താണെന്നും വിജയരാഘവൻ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തുന്ന പദപ്രയോഗങ്ങൾ അതിരു കടന്നതാണ്. രമേശ് ചെന്നിത്തലയുടെ മനോനില തെറ്റിയിരിക്കുകയാണ്. അതിന് ചികിത്സ തേടുകയാണ് വേണ്ടത്. സി.പി.എം പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സുധാകരന്റെ പ്രസ്താവന ഗൗരവത്തോടെ കാണുന്നില്ല. കെ.സുധാകരന് പലതും പറയാം. മാധ്യമ തലക്കെട്ട് ലഭിക്കുവാനുള്ള പതിവ് തന്ത്രം മാത്രമാണിതെന്നും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി ജലീലിന്റെ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് നിയമപരമായി കൈകാര്യം ചെയ്യുന്ന വിഷയമാണെന്നും വിജയരാഘവൻ പ്രതികരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസും ഉണ്ടായിരുന്നു.