വാളയാറിലെ പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ മൽസരിക്കും: പിന്തുണക്കുന്നത് യു.ഡി.എഫ് ആലോചിക്കുമെന്ന് മുല്ലപ്പള്ളി

19
5 / 100

വാളയാറിൽ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കും. തൃശൂർ പ്രസ്ക്ലബിൽ വാർത്താസമ്മേളനം നടത്തിയായിരുന്നു പ്രഖ്യാപനം. സ്വതന്ത്രസ്ഥാനാർഥി ആയിട്ടാണ് മത്സരിക്കുക. സംഘപരിവാർ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് അവർ വ്യക്തമാക്കി. മക്കൾക്കു നീതി ലഭിക്കുന്നതിനാണ് നിയമസഭ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. തന്നെ ഈ തെരുവിലിറക്കിയ ഡി.വൈ.എസ്.പി സോജൻ എന്നേക്കാളും താഴേത്തട്ടിൽ ഒരു ദിവസമെങ്കിലും തലയിൽ തൊപ്പിയില്ലാതെ നിൽക്കുന്നത് തനിക്ക് കാണണം. സോജനെപ്പോലെ ഒരുപാട് പൊലീസുകാർ തങ്ങളെപ്പോലുള്ള പാവങ്ങളുടെ മക്കളുടെ കേസ് സത്യസന്ധമായി അന്വേഷിക്കാതിരുന്നിട്ടുണ്ട്. തനിക്ക് വാശിയോടുകൂടി മൽസരിക്കണമെന്ന് തോന്നിയതിനു പിന്നിലെ ഒറ്റക്കാാരണം ഇതാണ്. ഞങ്ങൾക്കു സംഭവിച്ചതുപോലെ ഒട്ടേറെ കുടുംബങ്ങൾക്കും സംഭവിച്ചിട്ടുണ്ട്. പക്ഷേ അവരാരും പുറത്തുപറയാൻ കൂട്ടാക്കാതെ വീടിനുള്ളിലിരുന്ന് കരയുകയാണ്. എല്ലാ മക്കള്‍ക്കും ഈ കുടുംബങ്ങൾക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. നഷ്ടപ്പെട്ട കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടിയാണ് നീക്കമെന്നും അവർ വ്യക്തമാക്കി. സഹോദരിമാർ പീ‍ഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച് പൊലീസ് ഓഫിസർമാർക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരിന്രെ നിലപാടിൽ പ്രതിഷേധിച്ച് ഇവർ തലമുണ്ഡനം ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പെങ്കിലും പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക് ഇറങ്ങുമെന്നു കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പാലക്കാട്ടെ സമരപ്പന്തലില്‍ വച്ച് അമ്മ തല മുണ്ഡനം ചെയ്തത്. 14 ജില്ലകളിലും സഞ്ചരിച്ചു ജനങ്ങളോട് സര്‍ക്കാര്‍ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു. തന്റെ കുഞ്ഞുങ്ങള്‍ക്കു മരണശേഷവും സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. 2017ലാണു 13, 9 വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ സമയം മുഖ്യമന്ത്രിക്കെതിരെയുള്ള വാളയാറിലെ കുട്ടികളുടെ അമ്മ മൽസരിക്കുന്നത് ഉചിതമായ തീരുമാനമാണെന്നും പിന്തുണക്കുന്നത് യു.ഡി.എഫ് ആലോചിക്കുമെന്നും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.