വോട്ടെടുപ്പിൽ നിന്ന് കോൺഗ്രസ് വിട്ടു നിന്നു: വിമതൻറെ വോട്ട് ബി.ജെ.പിക്ക്; രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിലും ബി.ജെ.പി അധികാരത്തിൽ

30

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയിൽ ബി.ജെ.പി ഭരണം പിടിച്ചു. മൂന്നാം തവണ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടുനിന്നതോടെയാണ് ബി.ജെ.പി അധികാരത്തിലേറിയത്. കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് തവണയും ബി.ജെ.പിയെ ഒഴിവാക്കാൻ കോൺഗ്രസ് സി.പി.എമ്മിനെ പിന്തുണച്ചെങ്കിലും, വിജയിച്ചുവന്ന ശേഷം സി.പി.എം അംഗം പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചിരുന്നു. അതേസമയം, ഭരണപ്രതിസന്ധിയുള്ള തിരുവൻവണ്ടൂർ പഞ്ചായത്തിലും ഇന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. പതിനെട്ടംഗ ഭരണസമിതിയിൽ ബി.ജെ.പിക്കും കോൺഗ്രസിനും ആറ് വീതവും സി.പി.എമ്മിന് അഞ്ച് അംഗങ്ങളും ആണുള്ളത്. ഇവർക്ക് പുറമെ യു.ഡി.എഫ് വിമതനായി വിജയിച്ച സ്വതന്ത്രനുമുണ്ട് ഭരണസമിതിയിൽ. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്‍റ് സ്ഥാനം. ഈ വിഭാഗത്തിൽ നിന്നുള്ളവർ ബി.ജെ.പിക്കും സി.പി.എമ്മിനും മാത്രമാണുള്ളത്. കേവലഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിഞ്ഞ രണ്ട് തവണയും കോൺഗ്രസ് സി.പി.എമ്മിനെ പിന്തുണച്ചിരുന്നു. എന്നാൽ കോൺഗ്രസ് സി.പി.എം കൂട്ടുകെട്ട് ബി.ജെ.പി സംസ്ഥാനമൊട്ടാകെ പ്രചാരണ വിഷയമാക്കിയിരുന്നു. തുടർന്ന് കോൺഗ്രസ് സഖ്യം വേണ്ടെന്ന് സി.പി.എം സംസ്ഥാന നേതൃത്വം നിർദേശിച്ചതോടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വിജയമ്മ ഫിലേന്ദ്രൻ രാജിവെച്ചു. ഇത്തവണ പക്ഷെ സി.പി.എമ്മിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറായില്ല. വോട്ടെടുപ്പിൽ യു.ഡി.എഫ് വിട്ടുനിന്നു. യു.ഡി.എഫ് വിമതനും ഇത്തവണ ബിജെപിക്ക് വോട്ടുചെയ്തു. ഏഴ് വോട്ടുകൾ നേടി ബി.ജെ.പിയിലെ ബിന്ദു പ്രദീപ് ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്‍റായി.

176026697 953999022006269 707755554927080617 n