ശബരിമലയിൽ കടകംപള്ളിയുടെ ഖേദപ്രകടനത്തെ തള്ളി പിണറായി: എന്തിനാണ് ഖേദപ്രകടനം നടത്തിയതെന്ന് അറിയില്ല, താൻ ചോദിക്കാനും പോയിട്ടില്ല, രണ്ട് ടേം മൽസരിച്ചവർ മാറി നിൽക്കുന്നത് തനിക്കും ബാധകമാണ്, കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്നും പിണറായി

39
3 / 100

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി ഖേദം പ്രകടിപ്പിച്ചതെന്തിനാണെന്ന് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയത്തിൽ വിധി വരുമ്പോഴുള്ള നിലപാട് മാത്രമേ ചർച്ച ചെയ്യേണ്ടതുള്ളൂ. കടകംപള്ളിയുടെ അഭിപ്രായ പ്രകടനത്തിലേക്ക് നയിച്ചത് എന്താണെന്ന് പറയാനാവില്ലെന്നും താൻ ഇക്കാര്യം ചോദിച്ചിട്ടുമില്ലെന്നും പിണറായി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കടകംപള്ളിയുടെ ഖേദപ്രകടനത്തെ മുഖ്യമന്ത്രി തള്ളിയത്. ശബരിമലയിൽ ചർച്ചയാകാമായിരുന്നു എന്ന് തോന്നുന്നുവോ എന്ന ചോദ്യത്തിന് കാണാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിൽ സുപ്രീം കോടതി വരുത്തിയ അയവാണ്. അവരത് വിശാല ബെഞ്ചിന് വിട്ടു. കുറേ മാസങ്ങളായി ശബരിമലയിൽ ഒരു പ്രശ്നവുമില്ല, ഭക്തർ പോകുന്നുണ്ട്. വിധി സ്റ്റേ ചെയ്തിട്ടില്ലെന്നതല്ല, വിധി വിശാല ബെഞ്ചിന് വിടുകയാണ്. പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി കാണുന്നു. അതിന്റെ ഭാഗമായുണ്ടായ പ്രശ്നം കോടതി പരിഗണിച്ചു. സർക്കാരിന് വേറൊരു നിലപാട് എടുക്കേണ്ടതില്ല. വിധി വരുമ്പോൾ വിധിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം പൊതുവേ ബാധിക്കുന്നുണ്ടെങ്കിൽ അത് ചർച്ച ചെയ്യും. സത്യവാങ്മൂലം അല്ല കാണേണ്ടത്. കേസിന്റെ നടപടി ക്രമം കേസ് വരുമ്പോൾ ആലോചിക്കേണ്ടതാണ്. കേസിന്റെ വിധി വരുമ്പോൾ ബന്ധപ്പെട്ടവരോട് ഇക്കാര്യം ചർച്ച ചെയ്യും. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിൽ ഉയർത്തിക്കൊണ്ടുവരികയാണ് ചിലർ ശ്രമിക്കുന്നത്. അത് തദ്ദേശ തെരഞ്ഞെടുപ്പിലും ഉന്നയിച്ചതാണ്. എൻ.എസ്.എസിനോട് പ്രത്യേകമായി ഒരു അകൽച്ചയുമില്ല. അടിസ്ഥാനപരമായി അവർക്ക് ചില നിലപാടുകളുണ്ട്. ആ വിഭാഗത്തിന് ആകെ ഞങ്ങളോട് ഇന്നത് എന്ന് പറയാനാവില്ല. എൻ.എസ്.എസ് നേതൃത്വത്തിന് ചില പ്രശ്നങ്ങളുണ്ട്. അവർ പറയുന്നത് അംഗീകരിക്കാനാവുന്ന കാര്യം സർക്കാർ ചെയ്യും. അവരോട് പ്രത്യേകമായ അകൽച്ചയില്ല. മുതിർന്നവരെ മാറ്റി പുതിയ ആളുകൾ സ്ഥാനാർത്ഥികളായി വരുന്നു. രണ്ട് തവണ മൽസരിച്ചവർ മാറി നിൽക്കണമെന്നത് എല്ലാവർക്കും ബാധകമാണ്. തനിക്ക് നേരത്തെ ഭാഗമായിരുന്നു. ഞാൻ രണ്ട് തവണ മത്സരിച്ച് പിന്നീട് മാറി നിന്നു. അത് കഴിഞ്ഞ് വീണ്ടും മത്സരിച്ച് മാറി നിന്നിരുന്നു. അത് പാർട്ടിയാണ് ആലോചിക്കുന്നത്. മുതിർന്നവരെ വെട്ടിനിരത്തിയെന്നൊക്കെ ദോഷൈകദൃക്കുകൾ പറയുന്നതാണ്. പൊതുവിൽ ഒരു തത്വമുണ്ട്. അത് എല്ലാവർക്കും ബാധകമാണ്. അവരെ ഒഴിവാക്കിയതല്ല. അവർ പാർട്ടിയിലെ പ്രധാനികളാണ്. അത് പിന്നീട് ഒരു കാലത്ത് വീണ്ടും വരും. കുറ്റ്യാടിയിലേത് മുന്നണി സംവിധാനം വരുമ്പോഴുള്ള ചില കാര്യങ്ങളാണ്. മുന്നണിയിൽ ഒരു പാർട്ടി വരുമ്പോൾ സീറ്റ് നൽകണം. ജോസ് കെ മാണിക്ക് അമിത പ്രാധാന്യം നൽകിയെന്ന് കാണാനാവില്ല. അവർ നല്ല പോലെ ജനസ്വാധീനം ഉള്ള പാർട്ടിയാണ്. അവർക്ക് സ്വാധീനം ഇല്ലാത്ത ചില സീറ്റുകൾ നൽകേണ്ടി വന്നു. അവർ അവിടുത്തെ പ്രശ്നം കണ്ടപ്പോൾ ഇത്തവണ അവിടെ വേണ്ട എന്ന നിലപാട് വിശാല മനസ്കതയോടെ സ്വീകരിച്ചു. കെഎം മാണിയുടെ പാർട്ടിക്ക് വേണ്ടിയല്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്. കെ.എം മാണിയുടെ പാർട്ടി ഇടതുപക്ഷ മുന്നണിയുടെ നയം സ്വീകരിച്ച് വരികയായിരുന്നു. അവർ തന്നെ എൽ.ഡി.എഫിന്റെ നയത്തിനൊപ്പമാണെന്ന് പറഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് യാതൊരു പ്രയാസവുമില്ല. മദ്യവർജനവും ബാറും രണ്ടാണ്. ബാറുകൾ പാടില്ലെന്ന നിലപാട് കേരളത്തിനില്ല. സമൂഹത്തിൽ മദ്യം വേണ്ട ധാരാളം പേരുണ്ട്. മദ്യം ഇല്ലാതിരിക്കുമ്പോൾ അത് മദ്യം കഴിക്കുമ്പോൾ ഉള്ളതിനേക്കാൾ വലിയ പ്രശ്നം ഉണ്ടാക്കും. മദ്യ നിരോധനം നടപ്പാക്കിയ സംസ്ഥാനങ്ങളിൽ മദ്യം ഇഷ്ടം പോലെ കിട്ടുന്നുണ്ട്. കേരളത്തിൽ ബാറുകൾ വേണ്ടെന്ന് വെച്ചു. ടൂറിസം മേഖലയെ അത് ബാധിച്ചു. കേരളത്തിലെ അതേ അവസ്ഥയാണ് ശ്രീലങ്കയിൽ. ടൂറിസ്റ്റുകൾ അങ്ങോട്ടേക്ക് പോയി. മദ്യവർജനം ബോധവത്കരണമാണ്. സ്കൂളുകൾ അടക്കം കേന്ദ്രീകരിച്ച് ബോധവത്കരണത്തിന് ശ്രമിച്ചു. ബാർ എന്നത് ടൂറിസ്റ്റുകൾക്ക് പോയി കഴിക്കാനുള്ള ഒരിടം കൂടിയാണ്. ലോകത്ത് ഭക്ഷണത്തോടൊപ്പം അൽപ്പം മദ്യം കഴിക്കുകയെന്ന ശീലക്കാരാണ്. അവർ കേരളത്തിലേക്ക് വരുമ്പോൾ ഈ സൗകര്യം കൂടിയേ തീരൂ. സംവരണ വിഷയത്തിൽ നേരത്തെ മുതൽ കൃത്യമായ നിലപാടുണ്ട്. സാമൂഹികമായി പിന്നോക്കം തന്നെയാണ് ഈ പിന്നാക്ക വിഭാഗങ്ങൾ. അവരെ ഇനിയും സമൂഹത്തിൽ മുന്നോട്ട് കൊണ്ടുവരണം. സംവരണേതര വിഭാഗത്തിൽ അങ്ങേയറ്റം ദരിദ്രരായ വിഭാഗത്തിന് നിശ്ചിത ശതമാനം സംവരണം കൊടുക്കണം. അതിന് ഭരണഘടനാ ഭേദഗതി വരണം. ദേവസ്വം ബോർഡിൽ ഒരു പ്രത്യേക സംവിധാനം ഉണ്ടായപ്പോൾ ഇത് നടപ്പിലാക്കാൻ ശ്രമിച്ചു. ഇതിന് ശേഷം ഭരണഘടനാ ഭേദഗതി വരുത്തി. ഇത് സംവരണ വിഭാഗത്തിന് ദശാംശത്തിന്റെ കുറവ് പോലും വരുത്തില്ല. ഇത് സംവരണ വിഭാഗങ്ങളുടേതിൽ നിന്ന് അല്ല ഈ സംവരണം. അതിന് പുറമെയുള്ള വിഭാഗത്തിൽ നിന്നാണ്. ശിവശങ്കർ ഉദ്യോഗസ്ഥനെന്ന നിലയിൽ കാര്യങ്ങൾ കൃത്യമായിരുന്നു. അദ്ദേഹത്തിന് ചിലരോട് സൗഹൃദമുണ്ടായിരുന്നു. ആ നിലയ്ക്കാണ് അവർ ജോലി കൊടുത്തത്. മറ്റ് കാര്യങ്ങളിൽ അന്വേഷണ ഏജൻസികളാണ് കണ്ടെത്തേണ്ടത്. അവരുടെ കൈയ്യിലെ തെളിവ് എന്റെ കൈയ്യിൽ ഇല്ല. വടക്കാഞ്ചേരിയിലെ പ്രശ്നം ലൈഫ് മിഷന്റെ ആകെ പ്രശ്നം. ശിവശങ്കറിന്റെ പ്രശ്നം അന്വേഷണ ഏജൻസികൾ മനസിലാക്കട്ടെ. അദ്ദേഹം സൗഹൃദത്തിന്റെ ഭാഗമായി എത്രത്തോളം നീങ്ങിയെന്ന കാര്യം അറിയില്ല. കേന്ദ്ര അന്വേഷണ ഏജൻസി ഏത് വഴിക്ക് പോകുമെന്ന് കുറച്ച് കണ്ടിട്ട് കാര്യമില്ല. അവർ പലേ വഴിക്ക് പോകും. എന്റെ ബോധ്യം അവർ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നുപോയ കാര്യങ്ങൾ അറിയിച്ചില്ല എന്നത് വസ്തുതയാണ്. എന്ത് നടപടി സ്വീകരിച്ചുവെന്ന് പരസ്യമായി പറയേണ്ടതില്ല. രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് സ്വർണക്കടത്തും ഡോളർ കടത്തുമൊക്കെ അതിന്റെ പങ്കാളിത്തത്തെ കുറിച്ച് ആരോപണം വരുന്നത്. കേന്ദ്രസർക്കാരിന്റെ അറിവില്ലാതെ ഇത്തരം കാര്യങ്ങളിലേക്ക് അന്വേഷണ ഏജൻസികൾ കടക്കില്ല. അതിനിയും വ്യക്തമാകണം. ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളറിയാതെ ഏത് ഉദ്യോഗസ്ഥനായാലും ഇത്തരം കാര്യങ്ങളിലേക്ക് കടക്കില്ല. നരേന്ദ്ര മോദിയെ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ സ്വീകരിക്കുന്ന നടപടികളെ വിമർശിക്കാറുണ്ട്. ഓരോരുത്തർക്കും ഓരോ രീതിയാണ്. സഹികെട്ടാൽ പറയുന്ന നിലയിലേക്കേ താൻ വരാറുള്ളൂ. ആരെയും പേരെടുത്ത് പറയുന്ന നിലയിലേക്ക് പോയിട്ടില്ല. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രശ്നമാണ് ഗൗരവം. രാജ്യത്തെ മഹാഭൂരിപക്ഷം മതനിരപേക്ഷമായി ചിന്തിക്കുന്നു. അതിന് ദോഷം വരുത്തുന്ന നടപടിയാണ് ബിജെപി ചെയ്യുന്നത്. മതനിരപേക്ഷത സംരക്ഷിഗക്കാൻ നിലകൊള്ളുന്നുവെന്ന് പറയുന്ന ചിലർ വർഗീയതയുമായി സമരസപ്പെടുന്നു. അത് വർഗീയതയ്ക്ക് പ്രോത്സാഹനമാണ്. കോൺഗ്രസ് നിലപാട് ഉദാഹരണം. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. സ്ഥാനാർഥി പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം പോര. അത് ഏതെങ്കിലും ഒരാൾ വിചാരിക്കുന്നതല്ല. ഇതിന് പാർട്ടിയിൽ ഒരു പ്രോസസുണ്ട്. കൂടുതൽ സ്ത്രീകൾ വരേണ്ടതുണ്ട് എന്ന് തന്നെയാണ് നിലപാട്. പൊലീസിന്റെ കാര്യത്തിൽ പൊതുവിൽ ഭംഗിയായി കാര്യങ്ങൾ പോയി. ഏറ്റവും നല്ല ക്രമസമാധാന നിലയുണ്ടായി രാജ്യത്ത്. എല്ലാവരും അത് സമ്മതിക്കുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടായി. അത് പൊലീസിന്റെ ആകെ വീഴ്ചയായി കാണാനാവില്ല. അത്തരം കാര്യങ്ങളോട് ഒരു വീഴ്ചയും സർക്കാർ സ്വീകരിച്ചില്ല. അതുകൊണ്ടാണ് കസ്റ്റഡി മരണങ്ങൾ സി.ബി.ഐക്ക് വിട്ടത്. ജനമൈത്രി എന്ന സംവിധാനം ഉണ്ടെങ്കിൽ തീർത്തും ജനസേവകരാവാനാവും. ആ കൂട്ടത്തിലും ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടാവും. മൊത്തത്തിൽ ക്രമസമാധാനം ഭദ്രമായിരുന്നു. സ്പ്രിംക്ലർ കേസിൽ ഒരു മാഹാമാരിയുടെ ഘട്ടത്തിൽ ആശയങ്ങൾ ശേഖരിക്കുക എന്നത് പ്രധാനമായിരുന്നു. അതിന്റെ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ അതിൽ നടപടിയെടുക്കും. ക്യാപ്റ്റൻ എന്ന വിളി ആളുകൾ ഇത്തരം ഘട്ടങ്ങളിൽ ആവേശം കൂടി നൽകുന്ന ചില വിശേഷണങ്ങൾ മാത്രമാണ്. ഇവിടെ നാടിന്റെ വികസനത്തിനും പുരോഗമനത്തിനും വേണ്ടി സ്വീകരിച്ച നടപടികൾ, ജനക്ഷേമത്തിന് വേണ്ടി സ്വീകരിച്ച നടപടികൾ, ഇതോടൊപ്പം നാടിന് ഈ കാലയളവിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളുണ്ട്. ഓഖി, നിപ്പ, പ്രളയം, കൊവിഡ് എല്ലാം നാടിനെ തകർത്തു. അത്തരം ദുരന്തങ്ങളുണ്ടായിട്ടും വികസന പ്രവർത്തനം സ്തംഭിച്ചില്ല. ഇത്തരം ദുരന്തം ഉണ്ടായാൽ ക്ഷാമവും പട്ടിണിയും ദുരിതവും നാട്ടിലുണ്ടാകും. എന്നാൽ അതൊഴിവാക്കാൻ സർക്കാർ എന്തൊക്കെ ചെയ്തെന്ന ബോധ്യം ജനങ്ങൾക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.