സി.പി.എമ്മിന്റെ നാണംകെട്ട രാഷ്ട്രീയക്കളി: അവിണിശേരിയിൽ ബി.ജെ.പി അധികാരത്തിൽ

63

സി.പി.എമ്മിന്റെ രാജി നാടകം കാര്യമായ അവിണിശേരി പഞ്ചായത്തിൽ കേവല ഭൂരിപക്ഷമില്ലാത്ത ബി.ജെ.പി അധികാരത്തിലേറി. ഹൈകോടതിവിധി അനുസരിച്ച് നിയോഗിക്കപ്പെട്ട ബി.ജെ.പി.യുടെ ഹരി സി. നരേന്ദ്രൻ പ്രസിഡൻ്റ് ആയും ഗീത സുകുമാരൻ വൈസ് പ്രസിഡന്റ്‌ ആയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം അനുസരിച്ച് റിട്ടേണിങ് ഓഫീസർ ഇരുവരെയും സത്യപ്രതിജ്ഞക്ക് അനുമതി നൽകിയിരുന്നു. പഞ്ചായത്തിലെ വലിയ ഒറ്റക്കക്ഷിയാണെങ്കിലും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ബി.ജെ.പിക്കില്ല. ബി.ജെ.പി- ആറ്, എൽ.ഡി.എഫ്-അഞ്ച്, യു.ഡി.എഫ്-മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. ബി.ജെ.പിയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ രണ്ട് തവണയും പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വോട്ട് ഇടതുമുന്നണിക്ക് ചെയ്യുകയായിരുന്നു. എന്നാൽ രണ്ട് തവണയും കോൺഗ്രസ് വോട്ട് ലഭിച്ചുവെന്ന കാരണം ചൂണ്ടിക്കാണിച്ച് ഇടതുമുന്നണി പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് പദവികൾ രാജിവെക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു രണ്ടാമത്തെ തെരഞ്ഞെടുപ്പ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് ബി.ജെ.പി സ്ഥാനാർഥിയായി മൽസരിച്ചത് ഹരി സി.നരേന്ദ്രനായിരുന്നു. ആദ്യ തവണ രാജിവെച്ചപ്പോൾ പഞ്ചായത്തിലെ മുതിർന്ന അംഗത്തിന് ചുമതല നൽകിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടാം തെരഞ്ഞെടുപ്പിന് നിർദ്ദേശം നൽകിയത്. ഇതും രാജിവെച്ചതോടെ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായ ബി.ജെ.പിയിലെ സൂര്യഷോബിയായിരുന്നു ഭരണച്ചുമതല നിർവഹിച്ചിരുന്നത്. രാജിനാടകം പഞ്ചായത്തിൽ ഭരണസ്തംഭനമുണ്ടാക്കുന്നുവെന്നും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരിയും ഗീതയും ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളെ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുമാരായി പ്രഖ്യാപിക്കണമെന്ന് ഇരുവരും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. രാജി നാടകത്തെ കോടതി നിശിതമായി വിമർശിച്ചാണ് ബി.ജെ.പി പ്രതിനിധികളെ പ്രസിഡണ്ടായും വൈസ് പ്രസിഡണ്ടായും പ്രഖ്യാപിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സമ്പൂർണ്ണ, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.ഹരി എന്നിവരും പങ്കെടുത്തു. തൃശൂർ ജില്ലയിൽ ബി.ജെ.പിക്ക് രണ്ട് പഞ്ചായത്തുകളിലാണ് അധികാരം ലഭിക്കുന്നത്.

175695027 1780850648789329 1948098174782898940 n