ഇടതിന് തുടർഭരണം പ്രവചിച്ച് ‘റൗണ്ട്സ് ടൈം ജനാഭിപ്രായ സർവേ’: എൽ.ഡി.എഫിന് യു.ഡി.എഫിനേക്കാൾ 1.82 ശതമാനം മേൽക്കൈ; ജനപ്രീതിയിൽ പിണറായി തന്നെ മുന്നിൽ, തൊട്ടു പിന്നിൽ ഉമ്മൻചാണ്ടി

183
13 / 100

കേരളത്തിൽ ഇടതുമുന്നണിക്ക് തുടർഭരണ സാധ്യത പ്രവചിച്ച് ‘റൗണ്ട്സ് ടൈം ജനാഭിപ്രായ സർവേ ഫലം’. ആകെ പോൾ ചെയ്തതിൽ എൽ.ഡി.എഫിന് 44.31 ശതമാനം വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫിന് 42.49 ശതമാനം വോട്ട് ലഭിച്ചു. ഇരു മുന്നണികളും തമ്മിൽ 1.82 ശതമാനം വോട്ട് വ്യത്യാസം മാത്രമാണുള്ളത്. എൻ.ഡി.എക്ക് 13.20 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ജനപ്രീതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മുന്നിൽ 43.47 ശതമാനം പേരാണ് പിണറായി വിജയനെ പിന്തുണച്ചത്. തൊട്ടു പിന്നിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. 26.13 ശതമാനം പേർ ഉമ്മൻചാണ്ടിയെ പിന്തുണച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് 12.49 പേരുടെ പിന്തുണ ലഭിച്ചപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് 10.98 ശതമാനത്തിന്റെ പിന്തുണയുണ്ട്. ശശി തരൂരിന് 6.47 ശതമാനവും മുസ്ളീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി 0.46 ശതമാനവും വോട്ട് നേടി. രണ്ട് ചോദ്യങ്ങളായിരുന്നു പ്രധാനമായും സർവേക്കായി അവതരിപ്പിച്ചിരുന്നത്. കേരളം ആർക്കൊപ്പം, ആര് മുഖ്യമന്ത്രിയാവണം എന്നിവയായിരുന്നു. കേരളം ആർക്കൊപ്പമാവണമെന്നതിന് എൽ.ഡി.എഫ് തന്നെ ആവണമെന്ന് 43.47 ശതമാനം പേർ പിന്തുണച്ചപ്പോൾ 42.49 ശതമാനം പേർ യു.ഡി.എഫിനെ പിന്തുണച്ചു. തുടർഭരണത്തിനും ഭരണമാറ്റത്തിനുമായി 1.82 ശതമാനത്തിന്റെ നേരിയ വ്യത്യാസം മാത്രമാണുള്ളതെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. എൻ.ഡി.എ ഭരിക്കണമെന്ന് വോട്ട് ചെയ്തത് 13.20 ശതമാനം പേർ മാത്രമാണ്. ആര് മുഖ്യമന്ത്രിയാവണമെന്ന ചോദ്യത്തിന് പിണറായി വിജയൻ തന്നെെയന്ന് ആകെ പോളിങ്ങിൽ പങ്കെടുത്തവരിൽ 43.47 ശതമാനം പേരും പിന്തുണച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാവണമെന്ന് 26.13 ശതമാനം പേരാണ് വോട്ട് ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേക്കാൾ രണ്ടര ശതമാനത്തോളം അധികം വോട്ട് മുഖ്യമന്ത്രിയാവണമെന്ന ചോദ്യത്തിന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് ലഭിച്ചു. രമേശ് ചെന്നിത്തലക്ക് 10.98 ശതമാനം വോട്ട് ലഭിച്ചപ്പോൾ കെ.സുരേന്ദ്രന് 12.49 ശതമാനമാണ് വോട്ട് ലഭിച്ചത്. ശശി തരൂരിന് 6.47 ശതമാനവും പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവണമെന്ന് 0.46 ശതമാനവും പിന്തുണച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ ആരംഭിച്ച വോട്ടിങ് ഇന്ന് വൈകീട്ട് അഞ്ച് വരെയായിരുന്നു പോളിങ് സമയം. വിഷയങ്ങളേക്കാളുപരിയായി വോട്ടർമാരുടെ മനസിലുറപ്പിച്ചത് നേരിട്ട് പ്രകടിപ്പിക്കുകയെന്നതായിരുന്നു സർവേ മുന്നോട്ട് വെച്ചത്. സർവേ ഫലം സാധ്യതയുടെ സൂചന മാത്രമാണ് പങ്കുവെക്കുന്നത്.

പോളിങ് നില

കേരളം ആർക്കൊപ്പം


എൽ.ഡി.എഫ് – 44.31%
യു.ഡി.എഫ് – 42.49%
എൻ.ഡി.എ -13.20%

ആര് മുഖ്യമന്ത്രിയാകണം

പിണറായി വിജയൻ – 43.47%
ഉമ്മൻചാണ്ടി -26.13%
രമേശ് ചെന്നിത്തല – 10.98%
ശശി തരൂർ – 6.47%
പി.കെ.കുഞ്ഞാലിക്കുട്ടി- 0.46%
കെ.സുരേന്ദ്രൻ – 12.49%

ഇന്നത്തെ കേരളത്തെ വിലയിരുത്തുന്നു

രേഖപ്പെടുത്തുക അനുഭവം-സി.എ.കൃഷ്ണൻ (രാഷ്ട്രീയ നിരീക്ഷകൻ, മുതിർന്ന മാധ്യമപ്രവർത്തകൻ)

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തുമ്പോൾ ഇടത് സർക്കാരിന്റെ തുടർഭരണ സാധ്യതയാണ് പ്രകടമാകുന്നത്. എന്നാൽ കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം ലഭിച്ചേക്കാനിടയില്ല. ജനങ്ങളുടെ മനസ് അളക്കുക എളുപ്പമല്ലെങ്കിലും, പ്രായോഗികമായി മനസിലാക്കാനാവുക അവർക്കുണ്ടായ അനുഭവങ്ങളുടെ പ്രതിഫലനമാകും തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുക. ഇഷ്ടവും ദേഷ്യവുമെല്ലാം അവൻ അതിൽ പ്രകടിപ്പിക്കും. ആരുമറിയാതൊരു പ്രതികാരവും ഇഷ്ടം കൂടലും വോട്ടിങ് മെഷീനിലൂടെ നടത്താനാവും. അഞ്ച് വർഷത്തിനിടയിൽ നേരിട്ട പ്രതിസന്ധികൾ ജനങ്ങളുടെ അനുഭവമാണ്. അതിലൂടെയാണ് സർക്കാരിനെ വിലയിരുത്തുന്നത്. രാഷ്ട്രീയ വശം സാധാരണക്കാരായ ജനങ്ങളുടെ ഭാഗമല്ല. ക്ഷേമപെൻഷനുകൾ, കിറ്റുകൾ എന്നിവയെല്ലാം സാധാരണക്കാരായ ജനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ്. അത് വലിയ തോതിൽ സർക്കാരിനോടുള്ള ആഭിമുഖ്യത്തിന് ഇടയാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഭരണവിരുദ്ധ വികാരം കാര്യമായി ഇല്ലെന്നത് സർക്കാരിന് നേട്ടമാണ്. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളുടെ മികവ് തെരഞ്ഞെടുപ്പിലെ പ്രധാന ഘടകമാവും. മുന്നണിയിലെയും പാർട്ടികളിലെയും പ്രത്യേകിച്ച് സി.പി.എമ്മിലെ പോലും നേതാവ് ക്യാപ്റ്റൻ വിവാദങ്ങൾ ചില മണ്ഡലങ്ങളിൽ വോട്ടിങ്ങിൽ പ്രതിഫലിക്കും. വോട്ട് കച്ചവട ആരോപണം ഇതിനുള്ള സൗകര്യം കൂടിയാണ്. സ്പ്രിങ്ക്ളർ മുതൽ ഏറ്റവുമൊടുവിലെ കെ.എസ്.ഇ.ബി- അദാനി വൈദ്യുതി കരാർ വരെയായി മുമ്പൊരിക്കലും ഉണ്ടാവാത്ത വിധത്തിലുള്ള അഴിമതിയാരോപണങ്ങൾ ഉ‍യർന്നെങ്കിലും കാര്യമായി പോറലേൽപ്പിക്കാൻ കഴിഞ്ഞില്ലെന്നത് സർക്കാരിനും ഇടതുപക്ഷത്തിനും നേട്ടമാണ്. ബി.ജെ.പി ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നൊന്നും പ്രതീക്ഷിക്കാനില്ല. ശബരിമല വിഷയം ചില മണ്ഡലങ്ങളിൽ സ്വാധീനം വർധിപ്പിക്കുമെന്നത് കാണാതിരിക്കാനാവില്ല. രണ്ടാമതെത്താൻ വേണ്ടിയുള്ള ശ്രമത്തിനപ്പുറത്തേക്ക് ബി.ജെ.പിയുടെ ശക്തിയെ കാണാനില്ല. കോൺഗ്രസ് മുക്ത ഭാരതം-കേരളത്തിന് വേണ്ടിയുള്ള ശ്രമമാണ് ഇവരിൽ നിന്നും ഉണ്ടാവാനുള്ള സാധ്യത.

ഛിന്നഭിന്നമായ പ്രതിപക്ഷം
എത്ര ഗൗരവകരമായ വിഷയമായിരുന്നു സർക്കാരിനെതിെര ഉയർന്നത്. പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചത്. ദിവസവുമെന്നോണം ഉയർന്ന ആരോപണങ്ങൾ, മാധ്യമങ്ങൾ പോലും വലിയ തോതിൽ സഹായകരമായി ഇടപെട്ടുവെന്നും വിലയിരുത്താം. പക്ഷേ, സർക്കാരിനെ വിറപ്പിക്കാനോ, ജനങ്ങളിലേക്കെത്തിക്കാനോ പ്രതിപക്ഷ സംവിധാനത്തിന് കഴിഞ്ഞില്ല. ഛിന്നഭിന്നമായിരുന്നു അഞ്ച് വർഷവും പ്രതിപക്ഷം. പ്രതിപക്ഷ നേതാവുയർത്തുന്ന ആരോപണങ്ങളെ പിന്തുണക്കാനോ ഏറ്റെടുക്കാനോ ശ്രമിക്കാതെ പ്രതിപക്ഷം ഓരോരുത്തരും പ്രതിപക്ഷ നേതാക്കളായി ചമയുകയായിരുന്നു. ഫലമോ പ്രതിപക്ഷത്തെ അവഗണിക്കുന്ന ഭരണകൂടത്തിന് എളുപ്പമായ സൗകര്യമൊരുക്കി.

2019ന്റെ അനുഭവം മുന്നിലുണ്ട്-എൻ.ശ്രീകുമാർ (മാധ്യമപ്രവർത്തകൻ-രാഷ്ട്രീയ നിരീക്ഷകൻ)


ചൊവ്വാഴ്ച വോട്ടറുടെ മനസിലുള്ളത് വിധിയെഴുതും. പ്രവചനമെന്നത് വെറുംവാക്ക് മാത്രമാണെന്ന് മുൻകാല അനുഭവങ്ങളുണ്ട്. 2019ലെ തെരഞ്ഞെടുപ്പ് തന്നെ ഇതിന്റെ പ്രധാന ഉദാഹരണമാണ്. തെരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്കായിരുന്നുവെന്നും കോൺഗ്രസ് സർക്കാർ വരുന്നതും രാഹുൽ പ്രധാനമന്ത്രിയാവുന്നതും രാഹുൽ കേരളത്തിൽ മൽസരിച്ചതുമുൾപ്പെടെയുള്ളവ പല വിധ ന്യായീകരണങ്ങളായി പറയാമെങ്കിലും പ്രവചനങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് സൂചിപ്പിക്കുകയാണ്. മാധ്യമങ്ങളാണ് തുടർഭരണമെന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത്. ഏതാണ്ട് സമാനമായ രീതിയിൽ എല്ലാ മാധ്യമങ്ങളും നൽകിയ സർവേ റിപ്പോർട്ടുകൾ. പക്ഷേ, കഴിഞ്ഞ മൂന്ന് ദിവസമായി മാത്രം കേരളത്തിൽ നിറഞ്ഞത് അടിയൊഴുക്കിന്റെ രാഷ്ട്രീയമാണ്. പ്രതിപക്ഷനേതാവ് ഉയർത്തിയ കെ.എസ്.ഇ.ബി-അദാനി വൈദ്യുതി കരാർ അഴിമതിയാരോപണവും, മുഖ്യമന്ത്രിയുടെ ബോംബ് പൊട്ടാനുണ്ടെന്ന പരാമർശവുമാണ് ഇതിന് കാരണം. തുടർഭരണമെന്ന മാധ്യമങ്ങളുടെ സർവേഫലങ്ങൾ ഇടതുപക്ഷ പ്രവർത്തകർക്ക് ആവേശമുണ്ടാക്കിയിട്ടുണ്ടെന്നത് കാണാതിരിക്കാനാവില്ല. അതോടൊപ്പം നിരാശയിലായിരുന്ന യു.ഡി.എഫ് പ്രവർത്തകർക്കുള്ള ഊർജ്ജം കൂടിയായി. വിവിധ സർവേഫലങ്ങൾക്ക് ശേഷമാണ് യു.ഡി.എഫ് പ്രവർത്തകർ സജീവമായത്. മുഖ്യമന്ത്രി ഉയർത്തിയ ബോംബ് വരാനുണ്ടെന്ന പരാമർശം മുൻകരുതലിന്റെ ഭാഗമാണെങ്കിലും ഇത് തിരിച്ചടിച്ചോ എന്ന് സംശയമുയരുന്നുണ്ട്. മുമ്പൊരിക്കലും ഒരു ഭരണാധികാരിയും ഉയർത്താത്തതാണ് ഇത്. താനോ, തന്റെ സർക്കാരോ എന്തോ തെറ്റു ചെയ്തിട്ടുണ്ടെന്ന പ്രതീതി ഇതിലൂടെയുണ്ടാക്കിയിട്ടുണ്ട്. ഇതിനോട് ചേർത്ത് വേണം പ്രതിപക്ഷ നേതാവ് ഉയർത്തിയ അദാനി-കെ.എസ്.ഇ.ബി വൈദ്യുതി കരാർ അഴിമതിയാരോപണവും. മൂന്ന് ദിവസം മുമ്പ് വരെയുണ്ടായിരുന്ന കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറി. തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്ന പുതിയ സാഹചര്യമായി ഇത് കണക്കിലെടുക്കേണ്ടി വരും. ബി.ജെ.പി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് വിലയിരുത്താനാവില്ല. ചില മണ്ഡലങ്ങളിൽ വൈകാരിക വിഷയങ്ങളുടെ സ്വാധീനമുണ്ടാക്കിയേക്കാം.

ശക്തനായ പ്രതിപക്ഷനേതാവ്
പ്രതിപക്ഷ പ്രവർത്തനങ്ങളേക്കാളുപരി, ശക്തനായ പ്രതിപക്ഷ നേതാവിനെ കണ്ടതായിരുന്നു അഞ്ച് വർഷം. ബ്രൂവറിയും സ്പ്രിങ്കളറും പമ്പാ മണൽക്കടത്തും മുതൽ ഇരട്ടവോട്ടും ഒടുവിൽ അദാനിയുമായുള്ള വഴിവിട്ട കരാർ വരെയുള്ളവ ശക്തമായി കൊണ്ടുവരാനും അവതരിപ്പിക്കാനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് കഴിഞ്ഞു. അത് ജനങ്ങളിലേക്കെത്തിക്കാനും ഫലപ്രദമായി വിനിയോഗിക്കാനും കഴിഞ്ഞുവോയെന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്.

സ്ഥാനാർഥി മികവ് പ്രസക്തം-കെ.കൃഷ്ണകുമാർ (മാധ്യമപ്രവർത്തകൻ-രാഷ്ട്രീയ നിരീക്ഷകൻ)


സംസ്ഥാനത്ത് തുടർഭരണ സാധ്യതയുടെ പ്രതീതിയുണ്ടാക്കുന്നതിൽ ഇടതുപക്ഷം മേൽക്കൈ നേടിയിട്ടുണ്ട്. മാധ്യമങ്ങളുടെ സർവേഫലങ്ങൾ ഇതിന് സാധൂകരണവും നൽകി. ക്ഷേമപെൻഷനുകൾ, കിറ്റ് അടക്കമുള്ളവയും പ്രളയം, കോവിഡ് കാലത്തുമടക്കം സർക്കാരിന്റെ ജനകീയ ഇടപെടൽ ജനങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കാനായിട്ടുണ്ടെന്ന് കാണാതിരിക്കാനാവില്ല. വോട്ടറുടെ മനോനിലയെ പ്രവചിക്കാനാവില്ല. അവർ വോട്ടെടുപ്പിൽ അത് പ്രകടമാക്കും. അതേ സമയം പ്രതിപക്ഷമുയർത്തിയ ശക്തമായ ആരോപണങ്ങളും ജനങ്ങൾ ചർച്ച ചെയ്യപ്പെടും. സമൂഹമാധ്യമ ഇടപെടൽ ശക്തമായ കാലത്ത് അത്തരം വിഷയങ്ങളുടെ പ്രതിഫലനവും വോട്ടറിൽ നിന്നുണ്ടാവും. മുൻകാല തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായ തെരഞ്ഞെടുപ്പ് സാഹചര്യമാണ് ഇപ്പോഴുള്ളത്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് സാഹചര്യവും അതിന് വിഭിന്നമായി തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും മുന്നിലുണ്ട്. ഓരോ തെരഞ്ഞെടുപ്പിൽ നിന്നും ഭിന്നമാണ് സാഹചര്യവും രീതിയും വോട്ടറുടെ നിലപാടുകളുമെന്ന് വ്യക്തം. അതു കൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പിനെയും ഇന്നയാൾക്കെന്ന് പ്രവചിക്കുന്നത് പ്രയാസകരമാണ്. വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ മാത്രമാണ് നിഗമനത്തിലെത്താവുന്നത്. പക്ഷേ, ആഴ്ചകൾക്ക് മുമ്പുണ്ടായിരുന്ന സാഹചര്യത്തിലും മാറ്റം വന്നു. ഒരു കാര്യം വ്യക്തമാണ്. മൂന്ന് മുന്നണികളുടെയും ഇത്തവണത്തെ സ്ഥാനാർഥി പരിഗണന അഭിനന്ദനാർഹമാണ്. വനിതാ പ്രാതിനിധ്യത്തിൽ ഇപ്പോഴും പരാതി നിലനിൽക്കുമ്പോഴും യുവാക്കളെയും പുതുമുഖങ്ങളെയും കഴിവുള്ളവരെയും പരിഗണിച്ച നടപടി തെരഞ്ഞെടുപ്പിൽ വലിയ തോതിൽ സ്വാധീനിക്കപ്പെടും. സാധാരണയായി ഉണ്ടാവുന്ന സർക്കാർ വിരുദ്ധ അലയൊലികളില്ലെന്നത് സർക്കാരിന് നേട്ടമാണ്. ബി.ജെ.പി ഉയർത്തുന്ന കോൺഗ്രസ് മുക്ത ഭാരതം-കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനം ഈ തെരഞ്ഞെടുപ്പിൽ പ്രകടമാവും. പല മണ്ഡലങ്ങളിലും ഇത് അനുഭവപ്പെടും. വോട്ട് കച്ചവടം വെറും ആരോപണത്തിനപ്പുറത്ത് പല മണ്ഡലങ്ങളിലും പ്രകടമാവുമെന്നാണ് വിലയിരുത്തേണ്ടത്. എന്നാൽ ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്ന വിധത്തിലുള്ള വലിയ മുന്നേറ്റ സാധ്യതകളൊന്നും കാണുന്നില്ല. മുഖ്യപ്രതിപക്ഷമാവണമെങ്കിൽ കോൺഗ്രസിനെ ഇല്ലാതാക്കേണ്ടതുണ്ട്. പല മണ്ഡലങ്ങളിലും രണ്ടാമതെത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്.

പ്രതിപക്ഷ പ്രവർത്തനം
എത്രയെത്ര ആരോപണങ്ങളാണ് പ്രതിപക്ഷമുയർത്തിയത്. അതും ശക്തമായവ തന്നെ. പക്ഷേ, അത് വേണ്ട രീതിയിൽ വിനിയോഗിക്കാൻ കഴിഞ്ഞില്ലെന്ന് വേണം വിലയിരുത്താൻ. സർക്കാരിൻറെ അവസാനകാലത്ത് തുടർഭരണം ചർച്ച ചെയ്യുന്ന സാഹചര്യമുണ്ടാവുന്നത് പ്രതിപക്ഷ പരാജയമാണ്. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷവും വിലയിരുത്തപ്പെടുമെന്നതും കാണണം.