അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഇന്ന് ഗോവ പനാജിയിൽ തുടക്കം

0

53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിലെ പനാജിയില്‍ ഇന്ന് തുടക്കമാകും. ശ്യാമപ്രസാദ് മുഖര്‍ജി ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകുന്നേരം 5 മണിയോട് കൂടി ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ.എല്‍. മുരുകന്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര വാര്‍ത്ത വിതരണ വകുപ്പ് സെക്രട്ടറി അപൂര്‍വ ചന്ദ്ര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഇന്ത്യന്‍ സിനിമയുടെ നൂറ് വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി സിനിമാ താരങ്ങളായ കാര്‍ത്തിക് ആര്യന്‍, സാറ അലി ഖാന്‍, വരുണ്‍ ദവാന്‍, മൃണാള്‍ താക്കൂര്‍, കാതറീന്‍ ട്രിസ്സ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ നൃത്തം ചെയ്യും.
20 മുതല്‍ 28 വരെ നടക്കുന്ന മേളയില്‍ 79 രാജ്യങ്ങളില്‍ നിന്നായി 280 സിനിമകളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഫ്രാന്‍സാണ് ഫോക്കസ് രാജ്യം. ഓസ്ട്രേലിയന്‍ ചിത്രമായ ‘അല്‍മ ആന്‍ഡ് ഓസ്‌കര്‍’ ഉദ്ഘാടനചിത്രവും ക്രിസ്‌തോഫ് സനൂസിയുടെ ‘പെര്‍ഫെക്ട് നമ്പര്‍’ സമാപന ചിത്രവുമായിരിക്കും.
ലോകചലച്ചിത്രമേഖലയിലെ ആജീവനാന്തസംഭാവനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയ്ക്ക് സമ്മാനിക്കും. സോറയുടെ എട്ട് ചിത്രങ്ങള്‍ മേളയിലെ ‘സ്മൃതി’ചിത്രപരമ്പരയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ‘ലോസ് ഗോള്‍ഫോസ്’, ‘ലാ കാസ’, ‘പെപ്പര്‍മിന്റ് ഫ്രാപ’്, ‘ഹണികോംപ് ‘ തുടങ്ങി പന്ത്രണ്ടോളം സിനിമകളുടെ സംവിധായകനാണ്. 2013-ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ആജീവനാന്തപുരസ്‌കാരം നല്‍കി സൗറയെ ആദരിച്ചിരുന്നു
സുവര്‍ണമയൂര പുരസ്‌കാരത്തിന് 15 സിനിമകളാണ് മാറ്റുരയ്ക്കുന്നത്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘കാശ്മീര്‍ ഫയല്‍സ’്, ആനന്ദ് മഹാദേവന്റെ ‘സ്റ്റോറി ടെല്ലര്‍’, കമലകണ്ണന്‍ സംവിധാനം ചെയ്ത ‘മങ്കി പെഡല്‍’ തുടങ്ങിയ മൂന്ന് ഇന്ത്യന്‍ സിനിമകള്‍ ഈ വിഭാഗത്തില്‍ ഇടം നേടി. ഇസ്രായേലി സംവിധായകന്‍ നദാവ് ലാപിഡ്, അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് ജിന്‍കോ ഗോട്ടോ, ഫ്രഞ്ച് എഡിറ്റര്‍ പാസ്‌കല്‍ ഷവാന്‍കേ, ഫ്രഞ്ച് ഡോക്യുമെന്ററി സംവിധായകനും നിരൂപകനും മാധ്യമപ്രവര്‍കനുമായ ജാവ്യര്‍ അന്‍ഗുലോ ബാര്‍ട്ടെറന്‍, സംവിധായകന്‍ സുദീപ്‌തോ സെന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് മത്സരവിഭാഗത്തിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുത്തത്.
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് മലയാള ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘അറിയിപ്പ്’, തരൂണ്‍ മൂര്‍ത്തിയുടെ ‘സൗദി വെള്ളയ്ക്ക’, എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. കൂടാതെ പ്രിയനന്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇരുള ഭാഷയിലുള്ള ‘ധബാരി ക്യുരുവി’എന്ന ചിത്രവും ഇന്ത്യന്‍ പനോരമയില്‍ ഇടം നേടിയിട്ടുണ്ട്. ഗോത്രവിഭാഗമായ ഇരുളര്‍ മാത്രം അഭിനയിച്ച സിനിമയാണിത്. ‘ദ കാശ്മീര്‍ ഫയല്‍സ’്, ‘ആര്‍ആര്‍ആര്‍’, ‘അഖണ്ഡ’, ‘ജയ് ഭീം’, ‘മേജര്‍’ തുടങ്ങിയ സിനിമകളും പ്രദര്‍ശനത്തിനെത്തും.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്‌കൃത ഭാഷയിലുള്ള ‘യാനം’, അഖില്‍ ദേവ് എം സംവിധാനം ചെയ്ത ‘വീട്ടിലേക്ക്’ തുടങ്ങിയ ചിത്രങ്ങള്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്. 20 സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.ഫിലിം ബസാര്‍, പുസ്തകമേള, പരിശീലന ശില്പശാലകള്‍, സംവാദങ്ങള്‍ തുടങ്ങിയവയുണ്ടാകും.
മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളെ ആദരിക്കുന്ന ഹോമേജ് വിഭാഗത്തില്‍ കെ.പി.എ.സി. ലളിത ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് സ്‌നേഹാഞ്ജലി അര്‍പ്പിക്കും. കെ.പി.എ.സി. ലളിതയ്ക്കു പുറമേ അന്തരിച്ച ഗായകന്‍ കെ.കെ., സംവിധായകന്‍ പ്രതാപ് പോത്തന്‍ എന്നിവരെയാണ് സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി അനുസ്മരിക്കുന്നത്. ലതാ മങ്കേഷ്‌കര്‍, ബപ്പി ലാഹിരി, ഭൂപീന്ദര്‍ സിങ്, ബിര്‍ജു മഹാരാജ്, പി.ടി. ശിവകുമാര്‍ ശര്‍മ, രമേഷ് ഡിയോ, രവി തണ്ടന്‍, സാലിം ഗൗസ്, സാവന്‍ കുമാര്‍ ടാക്, ശിവകുമാര്‍ സുബ്രഹ്മണ്യന്‍, ടി. രാമറാവു, കൃഷ്ണം രാജു, തരുണ്‍ മജുംദാര്‍, വത്സല ദേശ്മുഖ് എന്നിവര്‍ക്കും സ്നേഹാഞ്ജലി അര്‍പ്പിക്കും. ഇവരുടെ ഓര്‍മയ്ക്കായി പതിനാറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

Advertisement
Advertisement