അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സംഘടന നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. താരസംഘടനയുടെ രൂപീകരണത്തിന്റെ 25ാം വര്‍ഷത്തിലാണ് എഎംഎംഎക്ക് സ്വന്തമായി ആസ്ഥാന മന്ദിരം ഒരുങ്ങിയത്. എറണാകുളം കലൂര്‍ ദേശാഭിമാനി റോഡിലെ അഞ്ച് നില കെട്ടിടം വാങ്ങി പത്ത് കോടിയിലേറെ ചെലവഴിച്ചാണ് ഹൈടെക്കാക്കി മാറ്റിയത്. ട്വന്റി 20 മോഡലില്‍ എഎംഎംഎ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറക്കി. പ്രിയദര്‍ശനും ടി കെ രാജീവ് കുമാറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസ് നിര്‍മിക്കും. അതേസമയം ഉദ്ഘാടന സ്ഥലത്ത് നൂറിലധികം പേര് തടിച്ചുകൂടിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ഷാജഹാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. പരിപാടിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇതിനിടെ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ ഡൽഹി കർഷക സമരവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞു. മലയാള താരങ്ങൾ പ്രതികരിച്ചില്ലല്ലോയെന്ന് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു താരത്തിൻറെ പ്രതികരണം. പിന്നീട് അവസരം വരുമെന്നും അപ്പോൾ പ്രതികരിക്കാമെന്നുമായിരുന്നു മോഹൻലാലിൻറെ പ്രതികരണം.