ആഭ്യന്തര പരാതി സെൽ ഇല്ലാതെ സിനിമാ ചിത്രീകരണം; ലൊക്കേഷനിൽ വനിതാ കമ്മീഷൻ അധ്യക്ഷയുടെ മിന്നൽ പരിശോധന

8

ചിത്രീകരണം പുരോഗമിക്കുന്ന ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ എന്ന സിനിമയുടെ ലൊക്കേഷനിൽ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മിന്നല്‍ പരിശോധന. സിനിമക്ക് ആഭ്യന്തര പരാതി പരിഹാര സെല്‍ (ഐസിസിസി-ഇന്റണല്‍ കംപ്ലയിന്റ് കമ്മറ്റി) രൂപീകരിച്ചിട്ടില്ല എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എറണാകുളത്തെ ബ്രഹ്‌മപുരം സ്‌കൂള്‍ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് കമ്മീഷൻ അധ്യക്ഷ സതീദേവി പരിശോധന നടത്തിയത്.

Advertisement

ഐസിസിയില്ല എന്ന അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ചെന്നതാണ്. ചോദ്യം ചെയ്തതിനെത്തുടർന്ന് ഐസിസി രൂപീകരിച്ചെന്ന് വാക്കാല്‍ അണിയറ പ്രവര്‍ത്തകര്‍ മറുപടി പറഞ്ഞെങ്കിലും രേഖകള്‍ ഒന്നും കൈവശമുണ്ടായിരുന്നില്ലെന്ന് സതീ ദേവി പറഞ്ഞു.

“സിനിമ ചെയ്യുന്നുവെന്ന വിവരം പ്രൊഡ്യൂസേഴ്‌സ് അസോസിയഷനെ അറിയിക്കുകയോ റജിസ്റ്റര്‍ ചെയ്യുകയോ ഉണ്ടായിട്ടില്ല. ആരൊക്കെയാണ് ഐസിസി കമ്മറ്റി അംഗങ്ങള്‍ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. മാത്രവുമല്ല ചട്ടപ്രകാരം വനിതയാണ് ഐസിസി ഹെഡ് ആയി ഉണ്ടാവേണ്ടിയിരുന്നത്. എന്നാൽ വാക്കാൽ രൂപീകരിച്ചിട്ടുണ്ട് എന്ന് പറയുകയല്ലാതെ മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ല. ഐസിസി ഉണ്ടാക്കണമെന്ന കര്‍ശന നിര്‍ദേശം സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് കമ്മീഷൻ നൽകിയിട്ടുണ്ട്”, സതീ ദേവി പറഞ്ഞു

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ സിനിമയുടെ കാര്യം രേഖാ പ്രകാരം എഴുതി നല്‍കണമെന്നും സിനിമയ്ക്ക് ഐസിസി ഉണ്ടെന്നത് ലൊക്കേഷനില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രവുമല്ല ഷൂട്ടിങ് കഴിയുന്നതുവരെ ഐസിസി യോഗങ്ങള്‍ ചേരണമെന്നും മിനുട്‌സ് തയ്യാറാക്കണമെന്നുമുള്ള നിര്‍ദേശം കൂടി നല്‍കിയിട്ടുണ്ടെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക പിഴവാണെന്നാണ് സിനിമയുടെ പിആർഒ സംഭവത്തോട് പ്രതികരിച്ചത്.

“ഐസിസി രൂപീകരിച്ചിരുന്നു. എന്നാല്‍ അത് രേഖാപരമാക്കിയിരുന്നില്ല . അമ്മ മരിച്ചത് അടുത്തിടെയാണ്”, അതിനാലാണ് ശ്രദ്ധിക്കാന്‍ കഴിയാതെ പോയതെന്നും പ്രൊഡ്യൂസര്‍ നിഷാന്ത് പിള്ള പ്രതികരിച്ചു. വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം നാല് വനിതകളുള്ള കമ്മറ്റിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Advertisement