‘ഈശോ’ സിനിമക്കെതിരായ ഹർജി ഹൈക്കോടതി തള്ളി: ദൈവം വലിയവനെന്ന് നാദിർഷ

13

നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ സിനിമക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷന്‍ എന്ന സംഘടനയാണ് സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അതിനാല്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നത്. സിനിമയ്ക്ക് ദൈവത്തിന്‍റെ പേരിട്ടു എന്നതുകൊണ്ട് കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ആണ് ഹർജി തള്ളിയത്. ഹർജിയ്ക്ക് നിലനിൽപ്പില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്‍റെ പേര് ക്രിസ്ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരാഴ്ചയിലേറെയായി പ്രചരണം നടക്കുന്നുണ്ട്. ‘ഈശോ’, നാദിര്‍ഷ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്നീ ചിത്രങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി കെ.സി.ബി.സിയും രംഗത്തെത്തിയിരുന്നു. ദൈവം വലിയവനാണെന്ന് ഹൈക്കോടതി വിധിക്ക് പിന്നാലെ നാദിർഷ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. നാദിര്‍ഷയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനകളായ ഫെഫ്‍കയും മാക്റ്റയും രംഗത്തെത്തിയിരുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് ഈശോ. ജാഫര്‍ ഇടുക്കിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായിക നമിത പ്രമോദ് ആണ്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ‘ഈശോ’യില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ്. രചന സുനീഷ് വരനാട്. കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ചിത്രീകരണം.