താര പ്രൗഢിയിൽ ‘അമ്മ’യുടെ ആസ്ഥാന മന്ദിരം സമർപ്പണം നാളെ

7

താരസംഘടനയുടെ ആസ്ഥാന മന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നാളെ ഉദ്ഘാടനം ചെയ്യും.
താരപ്രൗഢിയോടെ ഒരുക്കിയ അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നിലവിളക്ക് തെളിക്കും.കാൽ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് അമ്മയ്ക്ക് ആസ്ഥാനമന്ദിരം ഒരുങ്ങിയത്. എറണാകുളം ദേശാഭിമാനി റോഡിൽ അഞ്ച് നിലകളിലായാണ് ഈ ‘നക്ഷത്ര’ സൗധം തലയുയർത്തി നിൽക്കുന്നത്. അത്യാധുനിക സൗകര്യമുള്ള കഫിറ്റേറിയ മുതൽ കോൺഫറൻസ് ഹാൾ വരെ ഇവിടെയുണ്ട്.

ഗ്രൗണ്ട് ഫ്ലോറിൽ റിസപ്ഷൻ ഏരിയയും സന്ദർശകർക്കായി പ്രത്യേക ഇരിപ്പിടവും. മലയാളത്തിലെ മൺമറഞ്ഞ താരങ്ങളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ കൊളാഷ് ആണ് ഇവിടുത്തെ ആകർഷണം. ഓഫീസ് ജീവനക്കാർക്കായുള്ള മുറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഒന്നാം നിലയിലാണ് അമ്മ പ്രസിഡന്റ് മോഹൻലാലിന്റെയും സെക്രട്ടറി ഇടവേള ബാബുവിന്റെയും മുറികൾ. ചെറിയൊരു ലൈബ്രറിയും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കുള്ള മുറിയും ഈ നിലയിലുണ്ട്.

അമ്മയുടെ സംഘടനാ യോഗങ്ങൾ നടക്കുന്ന കോൺഫറൻസ് ഹാളാണ് രണ്ടാം നിലയിൽ സജ്ജീകരിച്ചിരിക്കുന്നത്. 300ഓളം ഇരിപ്പിടങ്ങൾ ഇവിടെ ക്രമീകരിക്കാം. ഇതുവരെ ഹോട്ടലുകളിൽ നടത്തിയിരുന്ന അമ്മ ജനറൽ ബോഡി യോഗങ്ങളും ഇനി മുതൽ ഇവിടെ ആയിരിക്കും.
മൂന്നാം നിലയിൽ മാധ്യമ സമ്മേളനങ്ങൾ വിളിച്ച് ചേർക്കാനുള്ള ഹാളാണ്. നൂറിലധികം മാധ്യമ പ്രവർത്തകർക്ക് ഇരിക്കാൻ കഴിയും. സിനിമാ പ്രദർശനത്തിനും ഇവിടെ സംവിധാനമുണ്ട്. സാംസ്കാരിക പരിപാടികൾക്കായി ഈ ഹാൾ വിട്ടുനൽകാനും ആലോചനയുണ്ട്.

നാലാം നിലയിൽ അംഗങ്ങൾക്ക് എഴുത്തുകാരുമായോ സംവിധായകരുമായോ കൂടിക്കാഴ്ച നടത്താനുള്ള ക്യാബിനുകളാണ്. സൗണ്ട് പ്രൂഫ് ഗ്ലാസു കൊണ്ട് വേർതിരിച്ചതാണ് ഈ മുറികൾ.
അഞ്ചാം നിലയിൽ വിശാലമായ കഫറ്റേരിയ ആണ്. ഇനിയും താരങ്ങളുടെ ഒത്തുചേരലുകൾ അമ്മയുടെ ഈ ആസ്ഥാന മന്ദിരത്തിലാകും.

പത്ത് കോടി രൂപ ചെലവിലാണ് മന്ദിര നിർമ്മാണം പൂർത്തിയാക്കിയത്.