തെറ്റായ തീരുമാനം: എൽ.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞക്കെതിരെ നടി പാർവതി തിരുവോത്ത്

39

കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച്  നടി പാര്‍വതി. 500 പേര്‍ അത്ര കൂടുതല്‍ അല്ലെന്ന് കരുതരുതെന്നും കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്ന് കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ തെറ്റായ നടപടിയാണെന്നും പാര്‍വ്വതി ട്വീറ്റ് ചെയ്തു. 
കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. അതിപ്പോഴും സര്‍ക്കാര്‍ തുടരുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ തീരുമാനം എല്ലാവരെയും ഞെട്ടിക്കുന്നത്. അതുപോലെ തന്നെ സമ്മതിച്ച് തരാന്‍ കഴിയാത്തതും. സത്യപ്രതിജ്ഞക്കായി ഉള്ള 500പേര്‍ അത്ര കൂടുതലല്ല എന്ന് കണക്കാക്കരുത്. കേസുകള്‍ ഇപ്പോഴും കൂടി വരികയാണെന്നും നമ്മള്‍ കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്നും കണക്കിലെടുക്കുമ്പോള്‍, ഇത് വളരെ തെറ്റായ നടപടിയാണ്. പ്രത്യേകിച്ചും ഇനിയും മാറ്റം വരുത്താന്‍ അവസരമുണ്ടാകുമ്പോള്‍. വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാവുകയാണ് ഇപ്പോള്‍ വേണ്ടത്. ഞാന്‍ ഈ സമയം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. പൊതുയോഗം ഒഴിവാക്കി വെര്‍ച്വല്‍ ചടങ്ങ് നടത്തണമെന്നും പാര്‍വതി കുറിച്ചു.