നടന്‍ രജത് ബേഡിയുടെ കാര്‍ തട്ടിയ യുവാവ് മരിച്ചു

16

നടന്‍ രജത് ബേഡിയുടെ കാര്‍ തട്ടിയ യുവാവ് മരിച്ചു. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് മരിച്ചത്. ബുധനാഴ്ച രാവിലെ അന്ധേരിക്കടുത്തായിരുന്നു അപകടം നടന്നത്. മുംബൈ കൂപ്പര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.

മാരകമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലാക്കി നടന്‍ കടന്ന് കളഞ്ഞു എന്ന പരാതിയെ തുടര്‍ന്ന് രജത് ബേദിക്കെതിരേ കേസെടുത്തിരുന്നു.

തന്റെ കാറിടിച്ചാണ് രാജേഷിന് പരിക്കേറ്റതെന്ന് രജത് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു.. സഹായിക്കാമെന്ന് ഉറപ്പുപറഞ്ഞ രജത് അല്പസമയത്തിന് ശേഷം സ്ഥലം വിട്ടതായി രാജേഷിന്റെ കുടുംബം ആരോപിച്ചു.

ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ റോഡ് മുറിച്ചു കടക്കവേയാണ് രാജേഷിനെ രജതിന്റെ കാറിടിച്ചതെന്ന് ഭാര്യ ബബിത ദൂത് പറഞ്ഞു. രാജേഷ് കാറിന്റെ മുമ്പിലേക്ക് പെട്ടെന്ന് വന്നുപെടുകയായിരുന്നുവെന്നും താനും ഡ്രൈവറും അവിടെയുണ്ടാകുമെന്നും രജത് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ആരുമറിയാതെ സ്ഥലം വിട്ട അദ്ദേഹം തിരിച്ചുവന്നില്ലെന്ന് ബബിത പറഞ്ഞു.

ഐ.പി.സി., മോട്ടോര്‍ വാഹന നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടനെതിരേ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ സെഷന്‍ 304-A കൂടി ചേര്‍ത്ത് (അശ്രദ്ധമൂലം സംഭവിച്ച മരണം) കേസെടുത്തിരിക്കുകയാണ്. നടന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വേണ്ടത്ര തെളിവുകള്‍ ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു