ആരോപണം ന്യായമില്ലാത്തതെന്ന് ഹൈക്കോടതി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി തള്ളി; ജഡ്‍ജിമാർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ, മാധ്യമങ്ങൾ ഇടപെടേണ്ടതില്ലെന്നും കോടതിയുടെ മുന്നറിയിപ്പ്

11

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. എറണാകുളത്തെ പ്രത്യേക സി.ബി.ഐകോടതി മൂന്നിലായിരുന്നു കേസിന്റെ വിചാരണ നടന്നിരുന്നത്. എന്നാല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്ന ജസ്റ്റിസ് ഹണി എം വര്‍ഗീസ് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറി പോയതോടെയാണ് കേസ് എറണാകുളം സെഷന്‍സ് കോടതയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനെ ചോദ്യംചെയ്ത് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

Advertisement

ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് വിചാരണ കോടതിയെ നിശ്ചയിച്ചതെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ ഇത് മറികടക്കാന്‍ കഴിയില്ല എന്നുമായിരുന്നു വാദം. ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും, ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദമാണ് ഇന്ന് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റേതാണ് വിധി. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം. ഈ ആരോപണം പരിശോധിച്ച കോടതി കഴമ്പില്ലെന്ന് വ്യക്തമാക്കി തള്ളുകയായിരുന്നു. 2019 ൽ പുറത്ത് വന്ന വോയിസ് ക്ലിപ്പിന് ആധികാരികത ഇല്ല എന്ന് കോടതി ചൂണ്ടിക്കാണിച്ചതോടെ വാദമുന ഒടിഞ്ഞു. ജഡ്‍ജിമാർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ, മാധ്യമങ്ങൾ ഇടപെടേണ്ടതില്ല എന്നും കൂടി വ്യക്തമാക്കിയാണ് അതിജീവിതയുടെ സുപ്രധാന നീക്കം കോടതി തള്ളിയത്. വിധി പറഞ്ഞത് സിംഗിൾ ബെഞ്ച് ആയതിനാൽ ഹൈക്കോടതിയിൽ തന്നെ അപ്പീൽ പോകാനുള്ള സാധ്യത അതീജിവിതയ്ക്ക് മുന്നിലുണ്ട്. എന്നാൽ ഉത്തരവ് പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നായിരുന്നു അതിജീവിതയുടെ അഭിഭാഷക പ്രതികരിച്ചത്.

അതേസമയം, കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. അടുത്ത ജനുവരി 31 വരെയാണ് സമയം അനുവദിച്ചത്. വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടി ജഡ്ജി ഹണി എം.വര്‍ഗീസും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Advertisement