സംവിധായകൻ ജി അരവിന്ദന്റെ പത്നിക്ക് ഇനി സാന്ത്വനത്തിന്റെ വെള്ളിവെളിച്ചം: സാന്ത്വന സ്പർശത്തിലൂടെ കൗമുദിയമ്മ നേടിയത് സ്വന്തം ഭൂമിയുടെ ശാപമോക്ഷം

26
4 / 100

കൈവശമുള്ള ഭൂമി കരനിലമാക്കാൻ എഴുപത്തിയെട്ടുകാരി കൗമുദി അരവിന്ദന് ചിലവഴിക്കേണ്ടി വന്നത് ജീവിതത്തിന്റെ 34 വർഷങ്ങൾ. നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാള സിനിമാ സംവിധായകൻ ജി അരവിന്ദന്റെ പത്നി കൗമുദി സാന്ത്വന സ്പർശത്തിലൂടെ നേടിയെടുത്തത് മറഞ്ഞു പോയ ഭർത്താവിന്റെ അധ്വാനം. 30 വർഷമായി ചലനമറ്റ് കിടന്ന കൗമുദിയുടെ അപേക്ഷ കുന്നംകുളം ടൗൺ ഹാളിൽ നടന്ന സാന്ത്വനസ്പർശം അദാലത്തിൽ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഏറ്റെടുത്തു. സംവിധായകൻ അരവിന്ദന്റെ സുഹൃത്ത് നടൻ വി.കെ ശ്രീരാമനും സാമൂഹ്യപ്രവർത്തക ഷീബ അമീറും പരാതിക്കാരിക്കൊപ്പം അദാലത്തിൽ കൂട്ട് വന്നു.

1987ൽ ജി അരവിന്ദൻ വാങ്ങിയ ചെറുതുരുത്തിയിലുള്ള ഭൂമിയാണ് കൈവശാവകാശം ഉണ്ടായിട്ടും യാതൊന്നും ചെയ്യാനാവാതെ കിടന്നത്. മരങ്ങളും പുല്ലും മറ്റും വളർന്ന് മതിൽക്കെട്ടിനുള്ളിലെ ഭൂമിയായിട്ടും നിലമായി പണ്ട് തരംതിരിച്ചതായതിനാൽ കൃഷി ചെയ്യാനോ വിൽപ്പനയ്ക്കോ സാധ്യമാകാതെ നശിച്ചു. 1995ൽ ഭൂമി കരനിലമാക്കി കിട്ടുന്നതിന് അപേക്ഷ നൽകി പലവട്ടം ഇതിനായി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.

സാന്ത്വനസ്പർശം അദാലത്തിൽ മന്ത്രി അപേക്ഷ ഏറ്റെടുത്തതോടെ കൗമുദിയമ്മയുടെ മുഖത്ത് സാന്ത്വനത്തിന്റെ വെള്ളിവെളിച്ചം. തൃശൂർ ആർ ഡി ഒയ്ക്ക് ജില്ലാ കലക്ടർ എസ് ഷാനവാസ് മുഖേന പരാതി സമർപ്പിക്കാൻ മന്ത്രി ഉത്തരവിട്ടു. ഉടൻതന്നെ ഭൂമി കരനിലമാക്കി മാറ്റിയ സർട്ടിഫിക്കറ്റ് നൽകാനും ശുപാർശ ചെയ്തു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഇതോടെ ശുഭാന്ത്യം.