സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലോടെ സിനിമാലോകം; മലയാള സിനിമക്ക് നഷ്ടമായത് പ്രതിഭാശാലിയായ കലാകാരനെയെന്ന് മുഖ്യമന്ത്രി

66

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വേർപാട് താങ്ങാനാവാതെ മലയാള സിനിമാ ലോകം. അപ്രതീക്ഷിതമായ വിയോഗം സിനിമാ രംഗത്തുള്ളവർ ഇനിയും വിശ്വസിച്ചിട്ടില്ല. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി. നിരവധി വിജയചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. അയ്യപ്പനും കോശിയുമെന്ന സിനിമയിൽ ആദിവാസിയായ നല്ലമ്മയെ അവതരിപ്പിച്ചതിലൂടെ ദീർഘവീക്ഷണവും വിശാല കാഴ്ചപ്പാടും പ്രകടമാക്കുകയായിരുന്നു സച്ചിയെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലൻ അനുശോചിച്ചു. നിരവധി കലാമൂല്യമുള്ള സിനിമകൾ മലയാള സിനിമക്ക് സംഭാവന ചെയ്യാനുണ്ടായിരുന്ന പ്രതിഭയായിരുന്നു സച്ചി. മലയാള സിനിമക്ക് നികത്തനാവാത്ത നഷ്ടമാണ്. വിയോഗത്തിൽ അനുശോചിക്കുന്നതായും ബാലൻ പ്രതികരിച്ചു. സംവിധായകനും തിരക്കഥാകൃത്തുമെന്ന സിനിമാ പ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല, സഹോദരനാണ് വേർപ്പെട്ടതെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ അനുസ്മരിച്ചു. സുഹൃത്തും സഹോദരനുമായിരുന്നു സച്ചിയെന്ന് സംവിധായകൻ എം.എ നിഷാദ് പ്രതികരിച്ചു. രാമലീലയിലൂടെ ജീവിതം തിരിച്ചു തന്നെ നീ വിടപറയുമ്പോൾ വാക്കുകൾ മുറിയുന്നുവെന്ന് നടൻ ദിലീപ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. മന്ത്രി വി.എസ്.സുനിൽകുമാറും സച്ചിയുടെ വേർപാടിൽ അനുശോചിച്ചു. ആത്മബന്ധമായിരുന്നു തങ്ങൾക്കിടയിലെന്ന് നടൻ ജയരാജ് വാര്യർ അനുസ്മരിച്ചു.

Advertisement
Advertisement